Fincat

കായിക മേഖലയുടെ അടിസ്ഥാന സൗകര്യ വികസനത്തിന്‌മലപ്പുറം ജില്ലയ്ക്ക് മൂന്നുകോടി കൂടി അനുവദിച്ചു

• ജില്ലയിൽ ഒൻപതു വർഷത്തിനിടെ കായിക മേഖലയിൽ നടന്നത് 250 കോടിയുടെ വികസന പദ്ധതികൾ

കായികമേഖലയിലെ അടിസ്ഥാന സൗകര്യ വികസനത്തിന് മലപ്പുറം ജില്ലയ്ക്ക് കായിക വകുപ്പിന്റെ ഫണ്ടില്‍ നിന്ന് മൂന്നു കോടി രൂപ കൂടി അനുവദിച്ചു. തിരൂര്‍, താനൂര്‍, മഞ്ചേരി എന്നിവിടങ്ങളിലെ നാലു പ്രവൃത്തികള്‍ക്കായാണ് തുക അനുവദിച്ചത്.

തിരൂര്‍ ഗവ. ബോയ്‌സ് എച്ച്. എസ്.എസിന് ഗ്രൗണ്ട് നിര്‍മ്മിക്കാന്‍ 87.55 ലക്ഷം രൂപയും തിരൂര്‍ മുന്‍സിപ്പാലിറ്റിയിലെ എഴൂര്‍ ഗവ. എച്ച്.എസ്.എസിന് 93.75 ലക്ഷം രൂപയും അനുവദിച്ചു. മഞ്ചേരി പയ്യനാട് ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ കെട്ടിടത്തിന് ഒരു കോടി അറുപത്തയ്യായിരം രൂപയാണ് അനുവദിച്ചത്. താനൂര്‍ നിയോജക മണ്ഡലത്തിലെ ഒഴൂര്‍ ജി.യു.പി സ്‌കൂളില്‍ കായിക വകുപ്പ് നിര്‍മ്മിച്ച സിന്തറ്റിക് ഫുട്‌ബോള്‍ ടര്‍ഫിന് അനുബന്ധ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താന്‍ 23.35 ലക്ഷം രൂപയും നല്‍കി.

കഴിഞ്ഞ ഒൻപതു വര്‍ഷത്തിനിടെ ജില്ലയില്‍ കായിക മേഖലയുടെ അടിസ്ഥാന സൗകര്യ വികസനത്തിനായി 250 കോടിയോളം രൂപ ചെലവഴിച്ചു. ഇതില്‍ 100 കോടിയോളം രൂപയുടെ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കി. 150 കോടിയോളം രൂപയുടെ പ്രവൃത്തികള്‍ പുരോഗമിക്കുകയാണ്.

താനൂര്‍ കാട്ടിലങ്ങാടിയിലും തവനൂര്‍ മണ്ഡലത്തിലെ എടപ്പാളിലുമായി 30 കോടിയോളം രൂപ കിഫ്ബി ഫണ്ടുപയോഗിച്ച് ഉന്നത നിലവാരമുള്ള കായിക സമുച്ചയങ്ങള്‍ പൂര്‍ത്തിയാക്കി. കാട്ടിലങ്ങാടി സ്‌കൂളിൽ മൾട്ടി പർപ്പസ്‌ ഗ്രൗണ്ട് നിർമിക്കുന്നതിന് 1.28 കോടി കൂടി അനുവദിച്ചു. നിറമരുതൂര്‍ സ്‌കൂള്‍, ദേവ്ധാര്‍ സ്‌കൂള്‍, താനൂര്‍ റീജിയണല്‍ ഫിഷറീസ് സ്‌കൂള്‍, പൊന്നാനിയിലെ മുക്കുതല സ്‌കൂള്‍, വെളിയങ്കോട്, തവനൂര്‍ എന്നിവിടങ്ങളില്‍ മികച്ച സ്റ്റേഡിയങ്ങള്‍ ഒരുക്കി. പൊന്നാനി നിളാ തീരം സ്‌പോര്‍ട്‌സ് കോംപ്ലക്‌സ് നിർമാണം കഴിഞ്ഞ മാസം തുടങ്ങി. 18 കോടിയാണ് ചെലവ്.

കലിക്കറ്റ് സര്‍വകലാശാല ക്യാംപസില്‍ ഫിഫ നിലവാരത്തിലുള്ള അന്താരാഷ്ട്ര ഫുട്‌ബോള്‍ സ്‌റ്റേഡിയം നിർമിക്കാന്‍ 35 ഏക്കറോളം ഭൂമി വിട്ടുനല്‍കാന്‍ ധാരണയായിട്ടുണ്ട്. സ്‌റ്റേഡിയത്തിന്റെ ആദ്യ ഘട്ട നിര്‍ മാണ പ്രവൃത്തികള്‍ക്കായി കിഫ്‌ബി ഫണ്ട് 125 കോടി രൂപ വിനിയോഗിക്കും. താനൂര്‍ ഗവ. ആര്‍ട്‌സ് ആൻഡ് സയന്‍സ് കോളേജില്‍ സ്‌റ്റേഡിയം നിര്‍മാണം തുടങ്ങി. രണ്ടു കോടി രൂപയുടെ പ്രവൃത്തികളാണ് ആദ്യ ഘട്ടത്തില്‍ നടപ്പാക്കുന്നത്.

ഒരു പഞ്ചായത്ത് ഒരു കളിക്കളം പദ്ധതി പ്രകാരം എട്ടു പ്രവൃത്തികള്‍ നിലവില്‍ ജില്ലയില്‍ നടപ്പാക്കുന്നുണ്ട്. ചെറിയമുണ്ടം നരിയറക്കുന്നിലെ കളിക്കളം ഉടൻ പൂർത്തിയാകും. താനൂരില്‍ ഒഴുര്‍, മൂലക്കല്‍ എന്നിവിടങ്ങളില്‍ ഓപ്പണ്‍ ജിം ആരംഭിച്ചു.

ദേവ്ധാർ സ്കൂളിനടുത്തും മൂച്ചിക്കലിലും റെയിൽവേ ഓവർ ബ്രിഡ്ജുകൾക്ക് താഴെയുള്ള സ്ഥലങ്ങളിൽ കായിക വിനോദ സൗകര്യങ്ങൾ ഉൾപ്പെടുന്ന ഹാപ്പിനസ് സെന്ററുകൾ ഉടൻ തുടങ്ങും. ഫിഷറീസ് സ്‌കൂളില്‍ ജിംനാസ്റ്റിക്‌സ് കേന്ദ്രത്തിന്റെ നിര്‍മ്മാണം പുരോഗമിക്കുന്നു.