‘കപ്പ് തരാം, പക്ഷേ കണ്ടീഷൻസ് ഉണ്ട്.’; നിബന്ധനകളുമായി നഖ്‌വി, നടപടി ആവശ്യപ്പെടുമെന്ന് ബിസിസിഐ
ഏഷ്യാ കപ്പ് ട്വന്റി20 ക്രിക്കറ്റ് ഫൈനലില്‍ മിന്നുന്ന വിജയം സ്വന്തമാക്കിയെങ്കിലും ഇന്ത്യയ്ക്ക് കപ്പ് ‘നേടാൻ’ കഴിയാത്തത് വാർത്തയായി മാറിയിരുന്നു.ഇന്ത്യയ്ക്ക് ട്രോഫി നല്‍കാതെ ഏഷ്യൻ ക്രിക്കറ്റ് കൗണ്‍സില്‍ ചെയർമാനും പാക് ആഭ്യന്തരമന്ത്രിയുമായ മൊഹ്‌സിൻ നഖ്വി പോയതോടെയാണ് സംഭവം ശ്രദ്ധ നേടിയത്. ഇപ്പോഴിതാ ഇന്ത്യൻ ടീമിന് ഏഷ്യാ കപ്പ് ട്രോഫി നല്‍കാൻ തയ്യാറാണെന്ന് നഖ്വി പറഞ്ഞതായാണ് റിപ്പോർട്ടുകള്‍ പുറത്ത് വരുന്നത്. എന്നാല്‍ അതിന് ചില ഉപാധികള്‍ അദ്ദേഹം മുന്നോട്ട് വച്ചിരിക്കുകയാണ്. ഫൈനല്‍ കഴിഞ്ഞിട്ടു രണ്ടു ദിവസത്തിനു ശേഷവും ട്രോഫിയും മെഡലുകളും എപ്പോള്‍, എങ്ങനെ ഇന്ത്യൻ ടീമിന് കൈമാറുമെന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. താരങ്ങളെല്ലാം നാട്ടിലേക്കു മടങ്ങുകയും ചെയ്തു. ഇനിനിടെയാണ് ട്രോഫി കൈമാറാൻ നഖ്‌വി ഉപാധി വച്ചതായി റിപ്പോർട്ടു പുറത്തുവരുന്നത്.
ഒരു ഔപചാരിക ചടങ്ങ് സംഘടിപ്പിച്ചാല്‍ മാത്രമേ സൂര്യകുമാർ യാദവിനും കൂട്ടർക്കും മെഡലുകള്‍ ലഭിക്കൂ എന്നും അവിടെ വെച്ച് ട്രോഫിയും മെഡലുകളും കൈമാറാൻ അവസരം നല്‍കുമെന്നും നഖ്വി സംഘാടകരെ അറിയിച്ചതായി റിപ്പോർട്ടില്‍ പറയുന്നു. നിലവിലെ സാഹചര്യത്തില്‍, നഖ്‌വിയില്‍നിന്ന് ട്രോഫി ഏറ്റുവാങ്ങാൻ ബിസിസിഐയോ ഇന്ത്യൻ ടീം മാനേജ്മെന്റോ തയാറാകില്ലെന്ന് ഉറപ്പായതിനാല്‍ ട്രോഫി വിതരണത്തിലെ അനിശ്ചിതത്വം ഇനിയും നീളും.
ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലിന്‍റെ മാനദണ്ഡങ്ങള്‍ പ്രകാരം ഏഷ്യാ കപ്പ് കിരീടം മുംബൈയിലെ ബിസിസിഐ ആസ്ഥാനത്ത് എത്തിക്കേണ്ടതുണ്ട്. എന്നാല്‍ എസിസി പ്രസിഡന്റ് തന്നെ കടുംപിടിത്തം പിടിക്കുന്നതിനാല്‍ ഇക്കാര്യം നീണ്ടേക്കും. ട്രോഫിയും മെഡലുകളും എത്രയും പെട്ടെന്നു കൈമാറണമെന്ന് ഇന്ത്യൻ ക്രിക്കറ്റ് ബോർഡ് (ബിസിസിഐ) എസിസിയോട് ആവശ്യപ്പെട്ടിരുന്നു. നവംബറില്‍ നടക്കുന്ന രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സില്‍ കോണ്‍ഫറൻസില്‍ നഖ്‌വിക്കെതിരെ നടപടി ആവശ്യപ്പെടുമെന്നും ബിസിസിഐ അറിയിച്ചു.