ബിഹാറില്‍ അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു; 7.42 കോടി വോട്ടര്‍മാര്‍ പട്ടികയില്‍
ബിഹാറില്‍ അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ച് ഇലക്ഷന്‍ കമ്മിഷന്‍ ഓഫ് ഇന്ത്യ. തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണം (എസ്ഐആര്‍) പൂര്‍ത്തിയായതിന് പിന്നാലെയാണ് നടപടി. 7.42 കോടിയാണ് അന്തിമ പട്ടികയില്‍ ഉള്‍പ്പെട്ട വോട്ടര്‍മാരുടെ എണ്ണം. ഈ വര്‍ഷം ജൂണ്‍ മാസത്തില്‍ പട്ടികയില്‍ ഉണ്ടായിരുന്നത് 7.89 കോടി വോട്ടര്‍മാരായിരുന്നു. ഓഗസ്റ്റ് ഒന്നിന് പ്രസിദ്ധീകരിച്ച കരട് പട്ടികയില്‍ 7.24 കോടിയായിരുന്നു വോട്ടര്‍മാരുടെ എണ്ണം. 65 ലക്ഷം പേരെ ഒഴിവാക്കിയ ശേഷമായിരുന്നു ഓഗസ്റ്റില്‍ കരട് വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ചത്.
തീവ്രവോട്ടര്‍ പട്ടിക പരിഷ്‌കരണത്തിലൂടെ 42 ലക്ഷം പേരാണ് ബിഹാറിലെ അന്തിമ വോട്ടര്‍ പട്ടികയില്‍ പുറത്ത് പോയത്. എന്നാല്‍, ആഗസ്റ്റ് ഒന്നിന് പ്രസിദ്ധീകരിച്ച കരട് വോട്ടര്‍ പട്ടികയെക്കാള്‍ 18 ലക്ഷം വോട്ടര്‍മാര്‍ അന്തിമ വോട്ടര്‍ പട്ടികയില്‍ ഇടം പിടിച്ചു. കരട് വോട്ടര്‍ പട്ടികയില്‍ നിന്നും അയോഗ്യരായ 3.66 ലക്ഷം പേരെ ഒഴിവാക്കിയതായും, അപേക്ഷ നല്‍കിയ 21.53 ലക്ഷം പേരെ ഉള്‍പ്പെടുത്തിയതായും തിരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചു. തിരഞ്ഞെടുപ്പ് കമ്മിഷന്റെ വെബ് സൈറ്റിലൂടെയാണ് അന്തിമ വോട്ടര്‍ പട്ടിക പുറത്തിറക്കിയത്.
വോട്ടര്‍ പട്ടികയുടെ പകര്‍പ്പുകള്‍ രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് കൈമാറിയതായി കമ്മിഷന്‍ അറിയിച്ചു. വോട്ടമാര്‍ ഓണ്‍ലൈന്‍ ആയി പട്ടിക പരിശോധിക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ നിര്‍ദ്ദേശിച്ചു.
അന്തിമ പട്ടിക തയ്യാറായതോടെ ബിഹാര്‍ ഉടന്‍ തിരഞ്ഞെടുപ്പ് നടപടികളിലേക്ക് കടക്കും. ഒരുക്കങ്ങള്‍ വിലയിരുത്താനായി ഒക്ടോബര്‍ നാല്, അഞ്ച് തീയതികളില്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം ബിഹാര്‍ സന്ദര്‍ശിക്കുന്നുണ്ട്. ഒക്ടോബര്‍ ആറിനോ എഴിനോ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമെന്നാണ് സൂചന.