സുപ്രധാന കരാർ ഒപ്പുവെച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, ചില മരുന്നുകളുടെ വില ഗണ്യമായി കുറയും
വാഷിങ്ടൺ : ഫാർമസ്യൂട്ടിക്കൽ ഭീമനായ ഫൈസറുമായി സുപ്രധാന കരാർ ഒപ്പുവെച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. യുഎസിൽ ചില മരുന്നുകളുടെ വില ഗണ്യമായി കുറയ്ക്കും. കൂടാതെ, മരുന്നുകൾ ഉപഭോക്താക്കൾക്ക് നേരിട്ട് കുറഞ്ഞ വിലയ്ക്ക് വിൽക്കുന്നതിനായി ഒരു പുതിയ സർക്കാർ വെബ്സൈറ്റും ഉടൻ ആരംഭിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.
മരുന്നുകളുടെ വില കുറയ്ക്കുന്നതിനുള്ള ട്രംപിന്റെ ദീർഘകാല ശ്രമങ്ങളുടെ ഭാഗമായാണ് പ്രഖ്യാപനം. മറ്റ് രാജ്യങ്ങളിൽ കുറഞ്ഞ വിലയ്ക്ക് നൽകുന്ന അതേ നിരക്കിൽ ഫൈസർ തങ്ങളുടെ എല്ലാ മരുന്നുകളും ‘മെഡികെയറിന്’ ലഭ്യമാക്കാൻ സമ്മതിച്ചു. ചില ഫൈസർ മരുന്നുകൾക്ക് 50% മുതൽ 85% വരെ കിഴിവുകൾ ലഭിക്കാൻ ഈ കരാർ വഴിയൊരുക്കും.
ഫൈസറിൽ നിന്നും മറ്റ് കമ്പനികളിൽ നിന്നുമുള്ള കുറഞ്ഞ വിലയിലുള്ള മരുന്നുകൾ ഉപഭോക്താക്കൾക്ക് നേരിട്ട് വാങ്ങാൻ കഴിയുന്ന ഒരു സർക്കാർ വെബ്സൈറ്റാണ് ട്രംപ്ആർഎക്സ്. 2026ന്റെ തുടക്കത്തിൽ വെബ്സൈറ്റ് പ്രവർത്തനക്ഷമമാകുമെന്നാണ് പ്രതീക്ഷ. തീരുവകൾ ഏർപ്പെടുത്തുമെന്ന ഭീഷണിക്ക് വഴങ്ങിയാണ് മരുന്ന് നിർമ്മാതാക്കൾ വില കുറച്ചതെന്ന് ട്രംപ് വ്യക്തമാക്കി.
കരാറിന്റെ ഭാഗമായി, ഫൈസർ യുഎസിൽ ആഭ്യന്തര നിർമ്മാണ പ്ലാന്റുകൾക്കായി 70 ബില്യൺ ഡോളർ നിക്ഷേപിക്കാനും സമ്മതിച്ചു. മരുന്ന് വില വർദ്ധനയ്ക്ക് അമേരിക്കൻ ഉപഭോക്താക്കൾ ലോകത്തിലെ മറ്റ് രാജ്യങ്ങൾക്ക് വേണ്ടി സബ്‌സിഡി നൽകേണ്ടിവരുന്നു എന്ന അവസ്ഥണ് ഇതോടെ മാറുന്നതെന്ന് ട്രംപ് വ്യക്തമാക്കി.