നാളെ ഒക്ടബർ രണ്ട്- ഗാന്ധിജയന്തി. മോഹൻദാസ് കരംചന്ദ് ഗാന്ധി എന്ന ഗാന്ധിജിയുടെ ജന്മദിനം. സത്യാഗ്രഹം എന്ന സമരമാർഗത്തിലൂടെ ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന് വേണ്ടി നിരന്തരം പോരാടിയ മഹാത്മാവ്, ഇന്ത്യയുടെ രാഷ്ട്രപിതാവ്. 1947 ഓഗസ്റ്റ് 15 -ന് ഇന്ത്യ സ്വാതന്ത്യം നേടിയെങ്കിലും ഭാരതവിഭജനത്തിന്റെ വേദനകളിലായിരുന്നു മഹാത്മാവ്. 1948 ജനുവരി 30-ന് വെള്ളിയാഴ്ച വൈകുന്നേരം 5.17 -നാണ് ഡൽഹിയിലെ ബിർളാ മന്ദിരത്തിൽ പ്രാർത്ഥനാ യോഗത്തിൽ പങ്കെടുക്കവെയാണ് നാഥുറാം ഗോഡ്‌സേയുടെ വെടിയേറ്റ് അദ്ദേഹം മരണമടയുന്നത്.
ഗാന്ധിജിയുടെ കേരളസന്ദർശനം
ആ മഹാത്മാവ് തന്റെ സമരപാതയിൽ കേരളത്തിലും സന്ദർശനം നടത്തിയിട്ടുണ്ട്. അഞ്ച് തവണയാണ് അദ്ദേഹം കേരളം സന്ദർശിച്ചത്.
1920 ഓഗസ്റ്റ് 18
1920 ഓഗസ്റ്റ് 18 -നായിരുന്നു മഹാത്മാവിന്റെ ആദ്യത്തെ കേരള സന്ദർശനം. ഖിലാഫത്ത്, നിസ്സഹകരണ പ്രസ്ഥാനങ്ങളുടെ പ്രചാരണാർത്ഥമായിരുന്നു അദ്ദേഹത്തിന്റെ ആദ്യ കേരള സന്ദർശനം. 18 -ാം തീയതി കോഴിക്കോട് കടപ്പുറത്ത് മൗലാനാ ഷൗക്കത്തലിയുടെ കൂടെ പൊതുയോഗത്തിൽ പങ്കെടുത്ത അദ്ദേഹം ആഗസ്ത് 19 -ന് മംഗലാപുരത്തേക്കു പോവുകയായിരുന്നു.
1925 മാർച്ച് 8 മുതൽ 19 വരെ
1925 മാർച്ച് 8 മുതൽ 19 വരെയായിരുന്നു ഗാന്ധിജിയുടെ രണ്ടാമത്തെ കേരള സന്ദർശനം. ആ സന്ദർശനത്തിൽ 12 ദിവസം അദ്ദേഹം കേരളത്തിൽ ചിലവഴിച്ചു. വൈക്കം സത്യാഗ്രഹത്തോടനുബന്ധിച്ചായിരുന്നു ആ വരവ്. അന്ന് അദ്ദേഹം കേരളത്തിലെ വിവിധ നേതാക്കളുമായി ചർച്ചകൾ നടത്തി. വിവിധ സ്ഥലങ്ങളിൽ പ്രസംഗിച്ചു. ക്ഷേത്രങ്ങളിൽ എല്ലാ ജനവിഭാഗങ്ങൾക്കും പ്രവേശനമില്ലാതിരുന്ന ആ കാലത്ത് അദ്ദേഹത്തിന്റെ പ്രധാന ചർച്ചകളെല്ലാം ഈ തൊട്ടുകൂടായ്മയേയും തീണ്ടിക്കൂടായ്മയേയും കുറിച്ചുള്ളതായിരുന്നു.
അന്ന് ആലപ്പുഴ, കൊല്ലം എന്നിവടങ്ങളിൽ എത്തിയ ഗാന്ധിജി പിന്നീട് വർക്കല ശിവഗിരിയിലെത്തുകയും ശ്രീനാരായണഗുരുവിനെ സന്ദർശിക്കുകയും ചെയ്തു. തൊട്ടുകൂടായ്മയെ കുറിച്ച് മണിക്കൂറുകളോളം ഇരുവരും ചർച്ച നടത്തിയതായും ചരിത്രത്തിൽ കുറിക്കപ്പെട്ടിരിക്കുന്നു.
തിരുവിതാംകൂർ റീജൻറ് റാണി സേതുലക്ഷ്മിബായി, അഹ്മദാബാദിലെ സബർമതി ആശ്രമം സെക്രട്ടറിയായിരുന്ന ടൈറ്റസ് തേവർതുണ്ടിയിൽ എന്നിവരെയെല്ലാം ഈ കേരളയാത്രയിൽ അദ്ദേഹം സന്ദർശിച്ചു. 15 -ന് ആറന്മുള ക്ഷേത്രദർശനം നടത്തിയതായും പറയുന്നു. ഗാന്ധിജിയുടെ ആ സന്ദർശനം മധ്യതിരുവിതാംകൂറിൽ സ്വാതന്ത്ര്യസമരത്തിന്റെ കനലെരിയിക്കുന്നതായി മാറി. നിരവധി സ്ഥലങ്ങളിൽ ഈ യാത്രയിൽ അദ്ദേഹം സന്ദർശനം നടത്തുകയും പ്രസംഗിക്കുകയും ചെയ്തു.
1927 ഒക്ടോബർ 9 മുതൽ 15 വരെ
1927 ഒക്ടോബർ 9 മുതൽ 15 വരെയായിരുന്നു ഗാന്ധിജിയുടെ അടുത്ത കേരള സന്ദർശനം. തിരുവാർപ്പ് ക്ഷേത്ര നിരത്തുകളിൽ അന്ന് എല്ലാ ജാതിക്കാരെയും വഴിനടക്കാൻ അനുവദിച്ചിരുന്നില്ല. ഇതുമായി ബന്ധപ്പെട്ട് തിരുവിതാംകൂർ രാജാവിനേയും റാണിയേയും കണ്ട് ചർച്ച നടത്തിയത് ഈ യാത്രയിലാണ്. പാലക്കാടും കോഴിക്കോടും അടക്കം വിവിധ ജില്ലകളിൽ പോവുകയും സംസാരിക്കുകയും ചർച്ചകൾ നടത്തുകയും ചെയ്തു ഈ യാത്രയിൽ അദ്ദേഹം.
1934 ജനുവരി 10 മുതൽ 22 വരെ
1934 ജനുവരി 10 മുതൽ 22 വരെയായിരുന്നു ഗാന്ധിജിയുടെ നാലാമത്തെ കേരള സന്ദർശനം. ഹരിജനഫണ്ട് ലക്ഷ്യമാക്കിയായിരുന്നു ആ സന്ദർശനം. ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ ജനക്കൂട്ടം അദ്ദേഹത്തെ സ്വീകരിച്ചു. 1928 -ലായിരുന്നു ശ്രീനാരായണഗുരുവിന്റെ മരണം. അദ്ദേഹത്തിന്റെ മരണശേഷമുള്ള ഗാന്ധിജിയുടെ ആദ്യത്തെ കേരള സന്ദർശനമായിരുന്നു അത്. ഈ സന്ദർശനത്തിലാണ് കൗമുദി എന്ന പെൺകുട്ടി ഗാന്ധിജിക്ക് തന്റെ ആഭരണങ്ങൾ ഊരി നൽകിയത്. പയ്യന്നൂരിൽ ശ്രീനാരായണ ഹരിജൻ ആശ്രമം സന്ദർശിച്ചതും ക്ഷേത്രപ്രവേശനവുമായി ബന്ധപ്പെട്ട് കോഴിക്കോട് സാമൂതിരിയെ കണ്ടതും ഈ യാത്രയിലാണ്.
1937 ജനുവരി 12 മുതൽ 21 വരെ
1937 ജനുവരി 12 മുതൽ 21 വരെയായിരുന്നു ഗാന്ധിജിയുടെ അഞ്ചാമത്തെയും അവസാനത്തെയും കേരള സന്ദർശനം. തിരുവിതാംകൂറിൽ നടത്തിയ ഈ സന്ദർശനത്തിലാണ് അദ്ദേഹം അയ്യങ്കാളിയെ കാണുന്നത്.
സ്വാതന്ത്ര്യസമരത്തിന്റെ പ്രാധാന്യം വിളിച്ചോതിയും തൊട്ടുകൂടായ്മയും തീണ്ടിക്കൂടായ്മയും അവസാനിപ്പിക്കേണ്ടുന്നതിനെ കുറിച്ച് നിരന്തരം ഓർമ്മപ്പെടുത്തിയുമുള്ളതായിരുന്നു അദ്ദേഹത്തിന്റെ കേരള സന്ദർശനങ്ങളെല്ലാം.