Fincat

വീട് ജപ്തി ചെയ്ത് അമ്മയെയും മകനെയും ഇറക്കിവിട്ട് മണപ്പുറം ഫിനാന്‍സ്: പൂട്ട് പൊളിച്ച് വീട് തുറന്നുനല്‍കി DYFI

കണ്ണൂര്‍ കൊളച്ചേരിയില്‍ വീട് ജപ്തി ചെയ്ത് അമ്മയെയും മകനെയും ഇറക്കിവിട്ട് മണപ്പുറം ഹോം ഫിനാന്‍സ്. കരിയില്‍ വയല്‍ മാടത്തില്‍ ഷീബയുടെ വീടാണ് ജപ്തി ചെയ്തത്. മണപ്പുറം ഹോം ഫിനാന്‍സ് കണ്ണൂര്‍ ബ്രാഞ്ചില്‍ നിന്നാണ് ഷീബ ലോണെടുത്തത്. ജപ്തി ചെയ്ത വീടിന്റെ പൂട്ട് പൊളിച്ച് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ കുടുംബത്തെ അകത്ത് കയറ്റി.

3.5 ലക്ഷം രൂപയായിരുന്നു വായ്പയെടുത്തത്. ഇതില്‍ രണ്ടുലക്ഷം രൂപ തിരിച്ചടയ്ക്കുകയും ചെയ്തിരുന്നു. ബാക്കിയുളള ഒരുലക്ഷം രൂപ തിരിച്ചടയ്ക്കാന്‍ ഒരാഴ്ച്ച അവധിയാണ് ആവശ്യപ്പെട്ടത്. അവധി നല്‍കാതെ ഷീബയെയും മകനെയും ഇറക്കിവിടുകയായിരുന്നു. ചോറ് വെച്ച കലം പോലും എടുക്കാന്‍ അനുവദിക്കാത്ത ബാങ്കിന്റെ നടപടി തെമ്മാടിത്തരമാണെന്ന് ഡിവൈഎഫ്‌ഐ പറഞ്ഞു. റവന്യൂ ഉദ്യോഗസ്ഥരോ പൊലീസോ ഇല്ലാതെയാണ് ജപ്തി ചെയ്യാന്‍ എത്തിയതെന്നും ആരോപണമുണ്ട്.