Fincat

സോനം വാങ്ചുക്കുമായി സംസാരിക്കാൻ അവസരമൊരുക്കണം, അദ്ദേഹത്തെ വിട്ടയക്കണം;രാഷ്ട്രപതിക്ക് കത്തയച്ച്‌ ഭാര്യ ഗീതാഞ്ജലി


ന്യൂഡല്‍ഹി: രാഷ്ട്രപതിക്ക് കത്തയച്ച്‌ പരിസ്ഥിതി പ്രവര്‍ത്തകന്‍ സോനം വാങ്ചുക്കിന്റെ ഭാര്യ ഗീതാഞ്ജലി ആങ്‌മോ.രാജസ്ഥാനിലെ ജയിലിലുളള സോനം വാങ്ചുക്കിന്റെ അവസ്ഥ അറിയില്ലെന്നും വാങ്ചുക്കുമായി സംസാരിക്കാന്‍ അവസരമൊരുക്കണമെന്നുമാണ് രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന് അയച്ച കത്തില്‍ ഗീതാഞ്ജലി ആവശ്യപ്പെടുന്നത്. ആര്‍ക്കും ഭീഷണിയാവാതെ രാജ്യത്ത് ജീവിക്കാന്‍ ആഗ്രഹിക്കുന്ന സോനം വാങ്ചുക്കിനെ വിട്ടയക്കണമെന്നും രാഷ്ട്രത്തിന്‍റെ തലവന്‍ എന്ന നിലയില്‍ ഇടപെടണമെന്നും കത്തില്‍ പറയുന്നുണ്ട്. തന്നെ സിആര്‍പിഎഫ് നിരീക്ഷണത്തിലാക്കിയെന്നും തന്നെ കാണാന്‍ മാധ്യമപ്രവര്‍ത്തകരെ അനുവദിക്കുന്നില്ലെന്നും ഗീതാഞ്ജലി ആങ്‌മോ രാഷ്ട്രപതിക്ക് അയച്ച കത്തില്‍ പറയുന്നു.

സെപ്റ്റംബര്‍ ഇരുപത്തിനാലിനാണ് ലഡാക്കിന് സ്വതന്ത്ര പദവി നല്‍കണമെന്ന് ആവശ്യപ്പെട്ട് നടന്ന സമാധാനപരമായ പ്രതിഷേധത്തിനിടെ സംഘര്‍ഷമുണ്ടായത്. സംഘര്‍ഷത്തില്‍ നാലുപേര്‍ കൊല്ലപ്പെടുകയും അമ്ബതിലധികം ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സംഘര്‍ഷവുമായി ബന്ധപ്പെട്ട് സോനം വാങ്ചുക്ക് ഉള്‍പ്പെടെ അമ്ബതിലേറേ പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.

സോനം വാങ്ചുക്കിന്റെ എന്‍ജിഒ ആയ സ്റ്റുഡന്റ് എഡ്യുക്കേഷണല്‍ ആന്‍ഡ് കള്‍ച്ചറല്‍ മൂവ്‌മെന്റ് ഓഫ് ലഡാക്കിന്റെ (സെക്‌മോള്‍) വിദേശ സംഭാവന സ്വീകരിക്കാനുളള എഫ്‌സിആര്‍എ ലൈസന്‍സ് കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കിയിരുന്നു. അതിനുപിന്നാലെ സെപ്റ്റംബര്‍ 26-നാണ് സോനം വാങ്ചുക്കിനെ അറസ്റ്റ് ചെയ്തത്. വാങ്ചുക്കിന്റെ പ്രകോപനപരമായ പ്രസംഗമാണ് കലാപത്തിന് വഴിവെച്ചതെന്നാണ് ആഭ്യന്തര മന്ത്രാലയം ആരോപിച്ചത്. ലഡാക്കിന് സംസ്ഥാന പദവി ആവശ്യപ്പെട്ട് നിരാഹാര സമരം നടത്തിവരവെ ഇദ്ദേഹത്തിന് പിന്തുണ പ്രഖ്യാപിച്ച്‌ നടത്തിയ പ്രതിഷേധത്തിലാണ് ലഡാക്കില്‍ സംഘര്‍ഷമുണ്ടായത്.

സോനം വാങ്ചുക്കിനെ ജോധ്പൂര്‍ സെന്‍ട്രല്‍ ജയിലിലാണ് നിലവില്‍ പാര്‍പ്പിച്ചിരിക്കുന്നത്. ദേശസുരക്ഷാ നിയമപ്രകാരമുളള കുറ്റങ്ങളാണ് ചാങ്ചുക്കിനെതിരെ ചുമത്തിയിരിക്കുന്നത്. സോനം വാങ്ചുക്കിന് പാക് ബന്ധമുണ്ടെന്നും ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചിരുന്നു. പാക് ബന്ധം, സാമ്ബത്തിക ക്രമക്കേടുകള്‍, അക്രമത്തിന് പ്രേരിപ്പിക്കല്‍ എന്നീ വകുപ്പുകളാണ് വാങ്ചുക്കിനെതിരെ ചുമത്തിയിരിക്കുന്നത്.