Fincat

ഗാസ സിറ്റി വളഞ്ഞതായി ഇസ്രയേല്‍; അവശേഷിക്കുന്ന ജനങ്ങള്‍ ഉടന്‍ സ്ഥലം വിടണമെന്ന് അന്തിമ മുന്നറിയിപ്പ്

ഗാസ സിറ്റി: ഗാസ സിറ്റി നിവാസികള്‍ക്ക് മുന്നറിയിപ്പുമായി ഇസ്രയേലി പ്രതിരോധ മന്ത്രി ഇസ്രയേല്‍ കാറ്റ്‌സ്. ഗാസ സിറ്റി സൈന്യം വളഞ്ഞതായും അന്തേവാസികള്‍ ഉടന്‍ പ്രദേശം വിടണമെന്നുമാണ് ഇസ്രയേലി പ്രതിരോധ മന്ത്രിയുടെ അന്തിമ മുന്നറിയിപ്പ്. അല്ലാത്തവരെ തീവ്രവാദികളായോ തീവ്രവാദികളെ പിന്തുണക്കുന്നവരായോ കണക്കാക്കുമെന്നും കാറ്റ്‌സ് മുന്നറിയിപ്പ് നല്‍കി.

പലായനം ചെയ്യാനും ഹമാസിനെ ഗാസ നഗരത്തില്‍ ഒറ്റപ്പെടുത്താനും ആഗ്രഹിക്കുന്ന ഗാസ നിവാസികള്‍ക്ക് ഇത് അവസാന അവസരമാണെന്നാണ് കാറ്റ്സിന്റെ മുന്നറിയിപ്പ്. ഗാസ സമാധാന പദ്ധതി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് മുന്നോട്ടുവെക്കുകയും ഇത് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു അംഗീകരിക്കുകയും ചെയ്ത സാഹചര്യത്തിലാണ് ഇസ്രയേലിന്റെ നടപടി. ഹമാസ് പദ്ധതി നിരസിച്ചാല്‍ ഇസ്രയേല്‍ ജോലി പൂര്‍ത്തിയാക്കുമെന്ന് നെതന്യാഹു മുന്നറിയിപ്പ് നല്‍കിയിരുന്നു.
എത്രയും പെട്ടെന്ന് യുദ്ധം അവസാനിപ്പിക്കാനും തുടര്‍ന്ന് 72 മണിക്കൂറിനകം എല്ലാ ബന്ദികളെയും ഹമാസ് മോചിപ്പിക്കാനും വ്യവസ്ഥ ചെയ്യുന്നതാണ് പദ്ധതി. പലസ്തീന്‍ അതോറിറ്റിയും ഇസ്രയേലും സൗദി, ജോര്‍ദാന്‍, യുഎഇ, ഖത്തര്‍, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളും വ്യവസ്ഥ അംഗീകരിച്ചിട്ടുണ്ട്.

ഗാസയുടെ പുനര്‍നിര്‍മാണത്തിന് ട്രംപിന്റെ അധ്യക്ഷതയില്‍ ഇടക്കാല രാജ്യാന്തര സമിതി രൂപീകരിക്കുന്നതടക്കം സൈനിക നടപടികള്‍ അവസാനിപ്പിക്കുക, ഗാസയിലേക്ക് ഉടനടി സഹായം എത്തിക്കുകയെന്നതും നിര്‍ദേശത്തില്‍ ഉള്‍പ്പെടുന്നു.