ട്രംപിന്റെ സമാധാന നീക്കം പാളി?; ഗസ നഗരത്തെ വളഞ്ഞ് ഇസ്രയേലി സൈന്യം
ഗസയിൽ ആക്രമണം കടുപ്പിച്ച് ഇസ്രയേലി സൈന്യം. ഗസ നഗരത്തെ സൈന്യം വളഞ്ഞതായി പ്രതിരോധ മന്ത്രി ഇസ്രയേൽ കറ്റ്സ് എക്സ് പോസ്റ്റിൽ പറഞ്ഞു. നെറ്റ്സാറിം പ്രദേശം പിടിച്ചെടുത്തെന്നും ഗസയെ രണ്ടായി ഭാഗിക്കുകയാണെന്നും കറ്റ്സ് പറഞ്ഞു. ഗസയിൽ നിന്ന് തെക്കൻ അതിർത്തിയിലേക്ക് ഇനി സൈന്യത്തിന്റെ അനുമതിയില്ലാതെ പോകാൻ സാധിക്കില്ലെന്നും ഇസ്രയേൽ കറ്റ്സ് മുന്നറിയിപ്പ് നൽകി.
ഗസയിലെ യുദ്ധം അവസാനിപ്പിക്കാൻ ലക്ഷ്യമിട്ട് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നോട്ടുവച്ച വെടിനിർത്തൽ പദ്ധതി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അംഗീകരിച്ചിരുന്നു. ഇതിനിടെയാണ് ഇസ്രയേൽ സൈന്യം ഗാസയിൽ ആക്രമണം ശക്തിപ്പെടുത്തിയതും ജനങ്ങളോട് ഗസവിട്ട് പോകാൻ നിർദേശിച്ചിരിക്കുന്നതും.
തിങ്കളാഴ്ച വൈറ്റ്ഹൗസിൽ നെതന്യാഹുവുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കുശേഷം വിളിച്ച സംയുക്ത പത്രസമ്മേളനത്തിലാണ് ഗസയിൽ സമാധാനം പുലരാനുള്ള തന്ത്രപരമായ കരാറിനോട് വളരെ അടുത്തെത്തിയെന്ന് ട്രംപ് അറിയിച്ചത്.
അടിയന്തര വെടിനിർത്തൽ, ഹമാസിന്റെ പക്കൽ ശേഷിക്കുന്ന ബന്ദികളെ 72 മണിക്കൂറിനുള്ളിൽ മോചിപ്പിക്കൽ, ഗാസയിൽനിന്ന് ഇസ്രയേൽ സൈന്യത്തിന്റെ പടിപടിയായുള്ള സൈനികപിന്മാറ്റം എന്നിവയാണ് ട്രംപിന്റെ 20 ഇന സമാധാന പദ്ധതിയുടെ ലക്ഷ്യം. ഹമാസിന്റെ നിരായുധീകരണവും യുദ്ധാനന്തരം രാജ്യാന്തര നേതൃത്വത്തിലുള്ള ഇടക്കാല ഭരണവും കരാർ ആവശ്യപ്പെടുന്നു. ഈ ഇടക്കാല സർക്കാരിനെ മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലെയർ നയിക്കണമെന്നാണ് ട്രംപിന്റെ ശുപാർശ.