Fincat

ശബരിമല സ്വര്‍ണ്ണപ്പാളി വിവാദം; ദേവസ്വം വിജിലന്‍സിന്റെ അന്വേഷണം തുടരുന്നു

ശബരിമല സ്വര്‍ണ്ണപ്പാളി വിവാദത്തില്‍ ദേവസ്വം വിജിലന്‍സിന്റെ അന്വേഷണം തുടരുന്നു. സ്‌പോണ്‍സര്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയെ നാളെ ചോദ്യം ചെയ്യും. വിവാദങ്ങള്‍ക്കിടെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ അനൗദ്യോഗിക യോഗം ഇന്ന് നടക്കും.

അതേസമയം, വിവാദത്തില്‍ കുറ്റാരോപിതനായ ഉണ്ണിക്യഷ്ണന്‍ പോറ്റിക്ക് നാളെ നിര്‍ണ്ണായക ദിനം. ബെംഗളൂരുവില്‍ നിന്നും തിരുവനന്തപുരം പുളിമാത്തിലെ വീട്ടിലെത്തിയ ഉണ്ണിക്യഷ്ണന്‍ പോറ്റി നാളെ രാവിലെ പത്ത് മണിക്ക് തിരുവിതാംകൂര്‍ ദേവസ്വം വിജിലന്‍സ് എസ്.പി സുനില്‍ കുമാറിന്റെ മുമ്പില്‍ ഹാജരാകും. കൂടുതല്‍ ചോദ്യം ചെയ്യുന്നതിലൂടെ ദുരൂഹതകളുടെ ചുരുളഴിയുമെന്നാണ് അന്വേഷണസംഘത്തിന്റെ പ്രതീക്ഷ. വിവാദങ്ങള്‍ക്കിടെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് യോഗം ഇന്ന് ചേരും. തിരുവനന്തപുരത്ത് ദേവസ്വം ആസ്ഥാനത്താണ് യോഗം.

ബെംഗളൂരുവില്‍ ആയിരുന്ന വിജിലന്‍സ് ഉദ്യോഗസ്ഥരും വിവരശേഖരണത്തിനുശേഷം കേരളത്തില്‍ തിരിച്ചെത്തിയിട്ടുണ്ട്. ഉണ്ണിക്യഷ്ണന്‍ പോറ്റിക്ക് ദ്വാരപാലക ശില്‍പ്പത്തിന്റെ പാളികള്‍ കൈമാറുന്ന സമയത്ത് സ്വര്‍ണ്ണം പൊതിഞ്ഞിട്ടുണ്ടെന്ന് വിജിലന്‍സ് ഉറപ്പിച്ചിട്ടുണ്ട്. എന്നാല്‍ ചെന്നൈയില്‍ എത്തിച്ചപ്പോള്‍ ചെമ്പ് മാത്രമേ ഉണ്ടായിരുന്നുള്ളു എന്നും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.