Fincat

ക്യാപ്റ്റൻ ആയതിന് ശേഷമുള്ള തീ ഫോം തുടർന്ന് ഗിൽ; ശരാശരി 70ന് മുകളിൽ!

ഇന്ത്യ-വെസ്റ്റ് ഇൻഡീസ് ടെസ്റ്റ് മത്സരത്തിൽ ശുഭ്മാൻ ഗിൽ അർധസെഞ്ച്വറി കുറിച്ചിരുന്നു. അനാവശ്യ ഷോട്ട് കളിച്ച് വിൻഡീസ് നായകൻ റോസ്റ്റൺ ചെയ്‌സിന് വിക്കറ്റ് നൽകി മടങ്ങിയെങ്കിലും മികച്ച ഇന്നിങ്‌സിലാണ് ഇന്ത്യൻ നായകൻ കാഴ്ചവെച്ചത്. അഞ്ച് ഫോറടങ്ങിയതാണ് താരത്തിന്റെ ഇന്നിങ്‌സ്. ക്യാപ്റ്റൻ ആയതിന് ടെസ്റ്റ് ക്രിക്കറ്റിൽ മികച്ച ഫോമിലുണ്ടായിരുന്ന ഗിൽ അത് സ്വന്തം മണ്ണിലും തുടരുകയാണ്. ഇംഗ്ലണ്ട് മണ്ണിൽ റണ്ണുകൾ വാരിക്കൂട്ടിയ ഗിൽ അദ്ദേഹത്തിന്റെ മികവ് ടെസ്റ്റിലും പുറത്തെടുക്കുകയാണ്.

100 പന്തിൽ 50 റൺസാണ് ഗിൽ നേടിയത്. ക്യാപ്റ്റൻ ആയതിന് ശേഷം ടെസ്റ്റ് ക്രിക്കറ്റിൽ 73.09 ശരാശരിയിലാണ് ഗിൽ ബാറ്റ് വീശുന്നത്. സ്വന്തം ക്യാപ്റ്റൻസിയിൽ ആറ് മത്സരത്തിൽ നിന്നും 11 ഇന്നിങ്‌സ് ബാറ്റ് ചെയ്ത ഗിൽ 804 റൺസ് നേടിയിട്ടുണ്ട്. 269 റൺസാണ് താരത്തിന്റെ ഉയർന്ന സ്‌കോർ. നാല് ശതകങ്ങളും താരം സ്വന്തം പേരിൽ കുറിച്ചിട്ടുണ്ട്.
അതേസമയം വിൻഡീസിനെതിരെ കെഎൽ രാഹുൽ സെഞ്ച്വറിയടിച്ചു. ടെസ്റ്റ് കരിയറിലെ 11ാം സെഞ്ച്വറിയാണ് താരം കുറിച്ചത്. 190 പന്തുകളിൽ 12 ഫോറുകളോടെയാണ് താരം സെഞ്ച്വറി പൂർത്തിയാക്കിയത്. സ്വന്തം മണ്ണിൽ താരത്തിന്റെ രണ്ടാം ടെസ്റ്റ് ശതകമാണ് ഇത്. ഇവരെ കൂടാതെ യശസ്വി ജയ്സ്വാൾ, സായ് സുദർശൻ എന്നിവരുടെ വിക്കറ്റുകളും ഇന്ത്യക്ക് നഷ്ടപ്പെട്ടിരുന്നു . ജയ്സ്വാൾ 54 പന്തിൽ ഏഴ് ഫോറടക്കം 36 റൺസ് നേടി മടങ്ങി. സുദർശൻ (7 റൺസ്) വീണ്ടും നിരാശപ്പെടുത്തി. നിലവിൽ ദ്രുവ് ജുറലും രവീന്ദ്ര ജഡേജയുമാണ് ക്രീസിൽ.

നേരത്തെ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത വിൻഡീസ് നിരയിൽ ജസ്റ്റിൻ ഗ്രീവ്‌സ് 32 റൺസും ഷായ് ഷോപ് 26 റൺസും ക്യാപ്റ്റൻ റോസ്റ്റൺ ചേസ് 24 റൺസും നേടി, മറ്റാർക്കും തിളങ്ങാനായില്ല. വിൻഡീസ് ആകെ 162 മാത്രമാണ് നേടിയത്. ഇന്ത്യയ്ക്ക് വേണ്ടി ജസ്പ്രീത് ബുംറ മൂന്ന് വിക്കറ്റും മുഹമ്മദ് സിറാജ് നാല് വിക്കറ്റും കുൽദീപ് യാദവ് രണ്ട് വിക്കറ്റും നേടി.