റെക്കോർഡ് വിലയിലേയ്ക്ക് കുതിച്ച് സ്വർണം
സംസ്ഥാനത്ത് വീണ്ടും റെക്കോര്‍ഡ് ഭേദിച്ച് സ്വര്‍ണവില. ഇന്ന് ഒരു പവന് 87,560 രൂപയാണ് വില. ഒരു ഗ്രാം സ്വര്‍ണത്തിന് ഇന്ന് 10,945 രൂപ നല്‍കണം. രണ്ടു ദിവസമായി കുറഞ്ഞുവന്ന സ്വര്‍ണവില ഒറ്റയടിക്കാണ് 1000 രൂപ വര്‍ധിച്ച് 87560ല്‍ എത്തിയിരിക്കുന്നത്. പണിക്കൂലി ഉൾപ്പെടെ ഇന്ന് ഒരു പവന്‍ സ്വര്‍ണം കൈയില്‍ കിട്ടണമെങ്കില്‍ ഏകദേശം ഒരു ലക്ഷത്തിനടുത്ത് രൂപ നല്‍കണം. സെപ്തംബറില്‍ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ പവന്‍ വില 77640 രൂപയായിരുന്നു. കൂടിയത് 86760 രൂപയും. അതായത്, 9120 രൂപയാണ് കഴിഞ്ഞ മാസം മാത്രം സ്വര്‍ണത്തിന് വില കൂടിയത്.
ഓരോ ദിവസവും കഴിയുന്തോറും സ്വര്‍ണവില കുതിച്ചുയരുകയാണ്. പണിക്കൂലി കൂടാതെ സ്വര്‍ണം കൈയില്‍ കിട്ടാന്‍ ഒരു ലക്ഷം രൂപ നല്‍കേണ്ട സമയം അധികം വിദൂരമല്ലെന്നാണ് ഈ മേഖലയിലെ വിദഗ്ധർ പ്രവചിക്കുന്നത്. സ്വര്‍ണവില കുറഞ്ഞിട്ട് സ്വര്‍ണം വാങ്ങാമെന്ന പ്രതീക്ഷയാണ് ഓരോ ദിവസവും അസ്തമിച്ചു കൊണ്ടിരിക്കുന്നത്. ഓരോ ദിവസവും കഴിയുന്തോറും സ്വര്‍ണത്തിന്റെ ഡിമാന്റ് കൂടുന്നതാണ് വില വര്‍ധനവിന് പ്രധാന കാരണം.
സെന്‍ട്രല്‍ ബാങ്കുകള്‍ സ്വര്‍ണം വാങ്ങിക്കൂട്ടുന്നതും യുഎസ് കേന്ദ്രബാങ്കായ ഫെഡറല്‍ റിസര്‍വിന്റെ തീരുമാനങ്ങളും സ്വര്‍ണവിലയിലെ കുതിപ്പിന് വഴിവെച്ചിട്ടുണ്ട്. ഈ വര്‍ഷം മാസം തോറും 64 ടണ്‍ സ്വര്‍ണമാണ് സെന്‍ട്രല്‍ ബാങ്കുകള്‍ വാങ്ങിയെതെന്നാണ് ഗോള്‍ഡ്മാന്‍ സാച്ച്‌സ് റിസര്‍ച്ചിന്റെ റിപ്പോര്‍ട്ട്.
സ്വര്‍ണവിലയിലുണ്ടാകുന്ന ഉയര്‍ച്ച സ്വര്‍ണത്തിന്റെ ആവശ്യകതയില്‍ ഇടിവ് ഉണ്ടായിട്ടില്ലെന്നതും എടുത്ത് പറയേണ്ടതാണ്.ആഭരണത്തിന് മാത്രമാണ് ആവശ്യക്കാര്‍ കുറയുന്നത്. അതേസമയം, ബാര്‍, കോയിന്‍, ഡിജിറ്റല്‍ ഗോള്‍ഡ് എന്നിങ്ങനെ പല രീതിയില്‍ സ്വര്‍ണവില്‍പ്പന നടക്കുന്നുണ്ട്. അവയ്ക്കെല്ലാമാണ് ആവശ്യക്കാരുള്ളത്. നിക്ഷേപകരും ഉപഭോക്താക്കളും സ്വര്‍ണവിലയില്‍ തുടരുന്ന ഈ സ്ഥിരതയെ ഇരുകൈയും നീട്ടി സ്വീകരിക്കുക തന്നെയാണ്.