Fincat

‘സമ്മാനാര്‍ഹമായ ടിക്കറ്റിന്റെ ഉടമ, തന്റെ സുഹൃത്തിനെ ടിക്കറ്റ് കാണിച്ചു’; ആരാണാ 25 കോടി നേടിയ ഭാഗ്യശാലി?


കൊച്ചി: ആരാണ്? ആരാണാ ഭാഗ്യശാലി?. കഴിഞ്ഞ ദിവസം 25 കോടി രൂപയുടെ തിരുവോണം ബമ്ബര്‍ ഫലം വന്നതിനു പിന്നാലെ കേരളം ആ ഭാഗ്യശാലിയെ കാത്തിരിക്കുകയാണ്.നെട്ടൂരുകാരനാണ് ഭാഗ്യവാനെന്ന സൂചനകള്‍ പുറത്തുവരുന്നുണ്ട്. സമ്മാനാര്‍ഹമായ ടിക്കറ്റിന്റെ ഉടമ, തന്റെ സുഹൃത്തിനെ ടിക്കറ്റ് കാണിച്ചുവെന്ന് കടയുടമ ലതീഷ് പറയുന്നു. മറ്റ് സൂചനകളോ പേരോ അറിയില്ലെന്നും ലതീഷ് പറഞ്ഞു. ടിക്കറ്റ് താന്‍ നേരിട്ട് കണ്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

മാസങ്ങളുടെ ഇടവേളയില്‍ തന്റെ കടയില്‍ നിന്ന് വിറ്റ ടിക്കറ്റുകള്‍ക്ക് ഒരു കോടിയും 25 കോടിയും അടിച്ചതിന്റെ സന്തോഷത്തിലാണ് ലോട്ടറി ഏജന്റായ ലതീഷ്. പാലക്കാട് തിരുവനന്തപുരം വഴി കൊച്ചി നെട്ടൂരിലേക്ക് എത്തിയ ഒരു ബമ്ബര്‍ ഭാഗ്യ കഥയാണ് കഴിഞ്ഞ ദിവസം നമ്മള്‍ കേട്ടത്. നെട്ടൂരിലെ ലോട്ടറി ഏജന്റായ എം ടി ലതീഷ് വിറ്റ TH 577825 നമ്ബറിനാണ് ഇത്തവണ 25 കോടിയുടെ ഓണം ബമ്ബര്‍ അടിച്ചത്. വൈറ്റില ഭഗവതി ലോട്ടറി ഏജന്‍സിയില്‍ നിന്നാണ് ലതീഷ് ടിക്കറ്റ് എടുത്തത്. ടിക്കറ്റ് വിറ്റ ലതീഷിന് കമ്മീഷന്‍ ഇനത്തില്‍ രണ്ടരക്കോടി ലഭിക്കും.
ലോട്ടറി വാങ്ങുന്നവരില്‍ ഭൂരിഭാഗവും നാട്ടുകാരാണെന്നും ഭാഗ്യശാലി നെട്ടൂര്‍ വിട്ട് പോകാന്‍ സാധ്യത ഇല്ലെന്നും ലതീഷ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. മൂന്ന് മാസം മുന്‍പാണ് ലതീഷിന്റെ കടയില്‍ നിന്ന് വിറ്റ ടിക്കറ്റിന് ഒരു കോടി അടിച്ചത്. ഓണം ബമ്ബറും അടിച്ചതോടെ ലതീഷിന്റെ കടയിലേക്ക് ടിക്കറ്റ് വാങ്ങാന്‍ എത്തുന്നവരുടെ എണ്ണവും കൂടി.