ഏഷ്യാ കപ്പില്‍ ഇന്ത്യക്ക് ട്രോഫി സമ്മാനിക്കാതെ മുങ്ങിയ മൊഹ്സിൻ നഖ്‌വിയെ സ്വര്‍ണ മെഡല്‍ നല്‍കി ആദരിക്കാന്‍ പാകിസ്ഥാൻ
കറാച്ചി: ഏഷ്യാ കപ്പിലെ ട്രോഫി വിവാദങ്ങൾക്കിടെ ഏഷ്യൻ ക്രിക്കറ്റ് കൗണ്‍സിൽ അധ്യക്ഷൻ മൊഹ്സിൻ നഖ്‍വിക്ക് പാകിസ്ഥാന്‍റെ ആദരം. ഇന്ത്യക്കെതിരെ തത്വാധിഷ്ഠിതവും ധീരവുമായ നിലപാട് സ്വീകരിച്ച നഖ്‍വിക്ക് ഷഹീദ് സുൽഫിക്കർ അലി ഭൂട്ടോ എക്സലൻസ് ഗോൾഡ് മെഡലാണ് സമ്മാനിക്കാനാണ് തീരുമാനം. പിസിബി ചെയർമാനും ആഭ്യന്തര മന്ത്രിയുമായ നഖ്‍വിയുടെ നിലപാടുകൾ ക്രിക്കറ്റ് ഗ്രൗണ്ടിലും പുറത്തും രാജ്യത്തിന്‍റെ അഭിമാനം ഉയർത്തിയെന്നാണ് പാകിസ്ഥാൻ വിലയിരുത്തുന്നത്.
സിന്ധ് ആന്‍ഡ് കറാച്ചി ബാസ്കറ്റ് ബോള്‍ അസോസിയേഷന്‍ പ്രസിഡന്‍റ് അഡ്വ, ഗുലാം അബ്ബാസ് ജമാലാണ് നഖ്‌വിക്ക് സുൽഫിക്കർ അലി ഭൂട്ടോ എക്സലൻസ് ഗോൾഡ് മെഡൽ സമ്മാനിക്കണണെന്ന് ശുപാര്‍ശ ചെയ്തത്. കറാച്ചിയില്‍ നടക്കുന്ന ചടങ്ങില്‍ പാകിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടി നേതാവ് ബിലാവല്‍ ഭൂട്ടോ സല്‍ദാരി മുഖ്യാധ്യക്ഷനാകുന്ന ചടങ്ങിലായിരിക്കും സ്വര്‍ണമെഡല്‍ സമ്മാനിക്കുകയെന്നാണ് റിപ്പോര്‍ട്ട്. ഏഷ്യാ കപ്പിൽ പാകിസ്ഥാനെ തകർത്ത് ജേതാക്കളായ ഇന്ത്യ നഖ്‍വിയിൽ നിന്ന് ട്രോഫി ഏറ്റുവാങ്ങാൻ വിസമ്മതിച്ചിരുന്നു.
ഇതോടെ ട്രോഫിയും മെഡലുകളുമായി നഖ്‍വി സ്റ്റേഡിയം വിടുകയായിരുന്നു. നഖ്‍വിക്കെതിരെ ഐസിസിയിൽ പരാതി നൽകാനാണ് ബിസിസിഐ തീരുമാനം. പഹല്‍ഗാം ഭീകരാക്രമണത്തെത്തുടര്‍ന്നുണ്ടായ ഇന്ത്യ-പാകിസ്ഥാന്‍ സംഘര്‍ഷകാലത്ത് ഇന്ത്യ വിരുദ്ധ പ്രസ്താവനകള്‍ നടത്തിയ പാക് ആഭ്യന്തര മന്ത്രി കൂടിയായ നഖ്‌വി വിവാദ നായകനായിരുന്നു. പാക് ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാനും ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലിന്‍റെ അധ്യക്ഷനുമാണ് നഖ്‌വിയിപ്പോള്‍
നേരത്തെ ഏഷ്യാ കപ്പ് ഗ്രൂപ്പ് ഘട്ട മത്സരത്തില്‍ ഇന്ത്യൻ താരങ്ങള്‍ പാക് താരങ്ങളുമായി ഹസ്തദാനം നടത്താന്‍ വിസമ്മതിച്ചതില്‍ പ്രതേഷേധിച്ച് യുഎഇക്കെതിരായ മത്സരത്തിന് തൊട്ടുമുമ്പ് പാകിസ്ഥാന്‍ ബഹിഷ്കരണ ഭീഷണി മുഴക്കിയിരുന്നു. ഇന്ത്യക്ക് അനുകൂലമായ നിലപാട് സ്വീകരിച്ച മാച്ച് റഫറി ആന്‍ഡി പൈക്രോഫ്റ്റിനെ മാറ്റിയില്ലെങ്കില്‍ യുഎഇക്കെതിരാ മത്സരത്തില്‍ കളിക്കില്ലെന്നായിരുന്നു പാകിസ്ഥാന്‍റെ നിലപാട്. അവസാനം ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ക്ക് ശേഷം ഒരു മണിക്കൂര്‍ താമസിച്ചാണ് യുഎഇക്കെതിരായ മത്സരത്തില്‍ പാകിസ്ഥാന്‍ കളിക്കാന്‍ തയാറായത്.