സമൂഹമാധ്യമങ്ങളിൽ തെറ്റായ വിവരങ്ങൾ പ്രസദ്ധീകരിക്കരുത്; ഇൻഫ്ലുവൻസർമാർക്ക് നിയന്ത്രണവുമായി യുഎഇ
യുഎഇയിലെ സോഷ്യല്‍മീഡിയ ഇന്ഫുളവന്സര്മാര്ക്ക് കൂടുതല്‍ നിയന്ത്രങ്ങള്‍ ഏര്‍പ്പെടുത്തി മീഡിയ കൗണ്‍സില്‍. സമൂഹമാധ്യമങ്ങളിലൂടെ തെറ്റായ വിവരങ്ങളും ഉള്ളടക്കങ്ങളും പ്രസിദ്ധീകരിച്ചാല്‍ കനത്ത ശിക്ഷ നേരിടേണ്ടി വരുമെന്ന് മീഡിയ കൗണ്‍സില്‍ മുന്നറിയിപ്പ് നല്കി. ഡിജിറ്റല്‍, പരമ്പരാഗത മാധ്യമ മേഖലയില്‍ സുതാര്യത ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് മീഡിയ കൗണ്‍സില്‍ വ്യക്തമാക്കി.
സമൂഹ മാധ്യമ ഉള്ളടക്കങ്ങള്‍ നിയന്ത്രിക്കുന്നതിനായി പ്രഖ്യാപിച്ച പുതിയ നിയമത്തിലാണ് സോഷ്യല്‍ മീഡിയ ഇന്ഫ്ളുവന്മാര്ക്കുളള നിയന്ത്രണങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നത്. മറ്റുള്ളവരുടെ അപമാനിക്കുന്ന തരത്തിലുള്ള ഉള്ളടക്കങ്ങള്‍ പോസ്റ്റ് ചെയ്താല്‍ ഒരു ലക്ഷം ദിര്‍ഹം വരെ പിഴ നല്‍കേണ്ടി വരും. കൊലപാതകവും മയക്കുമരുന്നു ഉപയോഗവും പോലെയുള്ള കൃറ്റകൃത്യങ്ങള്‍ക്ക് പ്രേരിപ്പിക്കുന്ന തരത്തിലുളള വീഡിയോകളോ പോസ്റ്റുകളോ പ്രസിദ്ധീകരിച്ചാല്‍ 1,50,000 ദിര്‍ഹം വരെ പഴ ഈടാക്കുമെന്നും പുതിയ നിയമത്തില്‍ പറയുന്നു.
ഇസ്ലാമിക വിശ്വാസങ്ങളെയോ മറ്റ് മതങ്ങളെയോ അപമാനിക്കുന്ന ഉള്ളടക്കള്‍ പ്രസിദ്ധീകരിച്ചാല്‍ 1 മില്യണ്‍ ദിര്‍ഹം വരെയാണ് പിഴ. രാജ്യത്തിന്റെ ചിഹ്നങ്ങളെയോ നേതൃത്വത്തെയോ അപമാനിക്കുന്ന തരത്തിലുള്ള ഉള്ളടക്കങ്ങള്‍ക്ക് അഞ്ച് ലക്ഷം ദിര്‍ഹം വരെ പിഴ നല്‍കേണ്ടി വരും. ദേശീയ ഐക്യത്തിനോ വിദേശ ബന്ധത്തിനോ എതിരായ പോസ്റ്റുകള്‍ക്ക് 2,50,000വും ഭരണ സംവിധാനത്തെയോ ദേശീയ ചിഹ്നങ്ങളെയോ അപമാനിച്ചാല്‍ 50,000 ദിര്‍ഹം മുതല്‍ അഞ്ച് ലക്ഷം ദിര്‍ഹം വരെയും പിഴ ഈടാക്കും.
മീഡിയ കൗണ്‍സിസിലിന്റെ ലൈസന്‍സില്ലാതെ മാധ്യമ പ്രവര്‍ത്തനം നടത്തുന്നവര്‍ക്ക് 10,000 ദിര്‍ഹം പിഴ ചുമത്തുമെന്നും അധികൃതര്‍ വ്യക്തമാക്കി. കുറ്റകൃത്യം ആവര്‍ത്തിച്ചാല്‍ പിഴ നാല്‍പ്പതിനായിരം ദിര്‍ഹമായി ഉയരും. ട്രേഡ് ലൈസന്‍സ് ഇല്ലാത്ത സ്ഥാപനങ്ങള്‍ സോഷ്യല്‍ മീഡിയ പ്രവര്‍ത്തനങ്ങള്‍ നടത്തിയാല്‍ അഞ്ച് ലക്ഷം ദിര്‍ഹം വരെ പിഴയും തടവുമാണ് ശിക്ഷയെന്നും പുതിയ നിയമം വ്യക്തമാക്കുന്നു.