Fincat

ഗസയില്‍ ബോംബാക്രമണം നിര്‍ത്തണമെന്ന ട്രംപിന്റെ നിര്‍ദേശത്തിന് പുല്ലുവില; ആക്രമണം തുടര്‍ന്ന് ഇസ്രയേല്‍; 11 പേര്‍ കൊല്ലപ്പെട്ടു

ഗസയില്‍ ബോംബാക്രമണം നിര്‍ത്തണമെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നിര്‍ദേശം വകവയ്ക്കാതെ ഇസ്രയേല്‍. ഇന്ന് നടത്തിയ ആക്രമണത്തില്‍ 11 പേര്‍ കൊല്ലപ്പെട്ടു. ഗസ്സയ്ക്കായുള്ള ട്രംപിന്റെ ഇരുപതിന കരാര്‍ സംബന്ധിച്ച് നാളെ ഈജിപ്തില്‍ നിര്‍ണായക ചര്‍ച്ച നടക്കാനിരിക്കെയാണ് ട്രംപിന്റെ നിര്‍ദേശം കാറ്റില്‍പ്പറത്തി ഇസ്രയേല്‍ വീണ്ടും ബോംബാക്രമണം നടത്തിയിരിക്കുന്നത്.
ഗസയുടെ അധികാരവും നിയന്ത്രണവും വിട്ടുകൊടുക്കാന്‍ വിസമ്മതിച്ചാല്‍ ഹമാസ് സമ്പൂര്‍ണ ഉന്മൂലനം നേരിടേണ്ടി വരുമെന്ന് ഡോണള്‍ഡ് ട്രംപ് ഭീഷണിപ്പെടുത്തിയിരുന്നു. പിന്നാലെ ഇരുപതിന കരാറില്‍ ഉള്‍പ്പെട്ട ബന്ദികളെ വിട്ടയയ്ക്കണമെന്ന നിര്‍ദേശം അംഗീകരിക്കാന്‍ ഹമാസ് സന്നദ്ധത അറിയിച്ചിരുന്നു. ഹമാസിന്റെ ഈ തീരുമാനം സ്വാഗതാര്‍ഹമെന്ന് ട്രംപ് പ്രശംസിക്കുകയും ചെയ്തിരുന്നു.

അടിയന്തര വെടിനിര്‍ത്തലിനുള്ള സാധ്യതകളും ബന്ദികളുടേയും പലസ്തീന്‍ തടവുകാരുടേയും കൈമാറ്റത്തേയും സംബന്ധിച്ച കാര്യങ്ങളാകും നാളത്തെ നിര്‍ണായക ചര്‍ച്ചയില്‍ പ്രധാന വിഷയങ്ങളാകുക. അമേരിക്കയുടെ പശ്ചിമേഷ്യന്‍ പ്രതിനിധി സ്റ്റീവ് വിറ്റ്കോഫും ട്രംപിന്റെ മരുമകനായ ജെറേഡ് കുഷ്നറും ഇസ്രയേലിന്റെയും ഹമാസിന്റെയും പ്രതിനിധി സംഘങ്ങളും ചര്‍ച്ചയില്‍ പങ്കെടുക്കും. ബന്ദികളുടെ മോചനത്തിനായുള്ള സാഹചര്യമൊരുക്കാനും ദീര്‍ഘകാല വെടിനിര്‍ത്തലിനായുള്ള ചര്‍ച്ചകളുമാണ് നാളെ നടക്കുക.

Read Also: തമിഴ്‌നാട് പോരാടുന്നത് ആര്‍ക്കെതിരെയെന്ന് പരിഹസിച്ച് ഗവര്‍ണര്‍ ആര്‍എന്‍ രവി; തലച്ചോറില്‍ മതഭ്രാന്തുള്ളവര്‍ക്കെതിരെയെന്ന് തിരിച്ചടിച്ച് സ്റ്റാലിന്‍

2nd paragraph

ഗസ്സയില്‍ നിന്ന് ഹമാസിന്റെ പൂര്‍ണമായ പിന്മാറ്റം, ബന്ദികളുടെ പൂര്‍ണമായ കൈമാറ്റം, സമ്പൂര്‍ണ വെടിനിര്‍ത്തല്‍, പുതു ഗസ്സയ്ക്കായുള്ള വികസനം, ഇസ്രയേല്‍- പലസ്തീന്‍ പ്രശ്‌നത്തിന്റെ ശാശ്വത പരിഹാരത്തിനായി സമാധാനപൂര്‍ണമായ ചര്‍ച്ചകള്‍ക്ക് സാഹചര്യമൊരുക്കല്‍ തുടങ്ങിയ കാര്യങ്ങളാണ് ട്രംപിന്റെ 20ഇന പദ്ധതിയിലുള്ളത്. ഇതിനെ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും അറബ് രാജ്യങ്ങളും അംഗീകരിച്ചതായി അറിയിച്ചിരുന്നു. ഹമാസ് ഭാഗികമായി അംഗീകരിച്ചതായും വ്യക്തമാക്കിയിരുന്നു.