Fincat

വീണ്ടും ട്രംപിന്റെ താരിഫ് പ്രഖ്യാപനം, അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യുന്ന ട്രക്കുകൾക്ക് 25% താരിഫ്

വാഷിംഗ്ടൺ: വീണ്ടും താരിഫ് പ്രഖ്യാപനവുമായി യു.എസ്. പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. രാജ്യത്തേക്ക് ഇറക്കുമതി ചെയ്യുന്ന എല്ലാ ഇടത്തരം ഹെവി-ഡ്യൂട്ടി ട്രക്കുകൾക്കും 25% താരിഫ് ചുമത്തി. നവംബർ 1 മുതൽ പുതിയ ഇറക്കുമതി തീരുവ നിലവിൽ വരുമെന്ന് തൻ്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്തിൽ ട്രംപ് വ്യക്തമാക്കി. കാനഡയിൽ നിന്നും മെക്സിക്കോയിൽ നിന്നുമാണ് അമേരിക്ക പ്രധാനമായും ട്രക്കുകൾ ഇറക്കുമതി ചെയ്യുന്നത്. 2024-ൽ മാത്രം 2,45,764 ഇടത്തരം, ഹെവി-ഡ്യൂട്ടി ട്രക്കുകൾ അമേരിക്ക ഇറക്കുമതി ചെയ്തിട്ടുണ്ട്. താരിഫ് ഒഴിവാക്കാൻ കമ്പനികൾ ട്രക്കുകളുടെ യു.എസിലേക്ക് മാറ്റാൻ ശ്രമിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഇടത്തരം, ഹെവി-ഡ്യൂട്ടി ട്രക്കുകൾ യു.എസിലെ മൊത്തം വാഹന വിപണിയുടെ 5% മാത്രമാണെങ്കിലും വടക്കേ അമേരിക്കയിലെ ഇത്തരം വാഹനങ്ങളുടെ ആവശ്യകതയുടെ 80% യു.എസിലാണ്. ഈ നീക്കം കാനഡയിലും മെക്സിക്കോയിലും പ്രവർത്തനങ്ങളുള്ള നവിസ്റ്റാർ, വോൾവോ, ഡൈംലർ തുടങ്ങിയ വാഹന നിർമ്മാതാക്കളെ ബാധിക്കും.

ഇന്ത്യയെ ബാധിക്കുമോ ?
യു.എസ്. ഇടത്തരം, ഹെവി-ഡ്യൂട്ടി ട്രക്ക് വിപണിയിൽ ഇന്ത്യൻ വാഹന നിർമ്മാതാക്കൾക്ക് കാര്യമായ സാന്നിധ്യമില്ലെങ്കിലും, ഓട്ടോ ഘടകങ്ങൾ കയറ്റുമതി ചെയ്യുന്നതിൽ ഇന്ത്യക്ക് വലിയ പങ്കുണ്ട്. 2023-24 സാമ്പത്തിക വർഷത്തിൽ യു.എസിലേക്കുള്ള ഇന്ത്യയുടെ ഓട്ടോ ഘടക കയറ്റുമതി 6.79 ബില്യൺ ഡോളറായിരുന്നു. ഈ പുതിയ താരിഫുകൾ കാരണം ഇന്ത്യയിൽ നിന്നുള്ള ഓട്ടോ ഘടകങ്ങളുടെ കയറ്റുമതിയുടെ 15% മുതൽ 20% വരെ ബാധിക്കപ്പെടാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ.