വീടിന്റെ പൂട്ടുതകർത്ത് അകത്തുകയറി സ്വർണാഭരണങ്ങൾ കവർന്ന പ്രതി അറസ്റ്റിൽ. പുല്ലുവിള സ്വദേശി വർഗീസ് ക്രിസ്റ്റിയാണ് (29) അറസ്റ്റിലായത്. ഇയാൾക്കെതിരെ 11ഓളം കേസുകൾ നിലവിലുണ്ടെന്ന് പൊലീസ് പറഞ്ഞു. സെപ്റ്റംബർ നാലിന് രാത്രി ഒന്നേകാലോടെ കരുംകുളം കൊച്ചുപള്ളിയിലെ ഒരു വീട്ടിലായിരുന്നു മോഷണം നടത്തിയത്. വീടിന്റെ മുൻ വാതിലിന്റെ പൂട്ട് തകർത്ത് അകത്തുകടന്ന ഇയാൾ അലമാരയിൽ സൂക്ഷിച്ചിരുന്ന മൂന്ന് മാല, ആറ് വള,മൂന്ന് ബ്രേസ്ലറ്റ്,മൂന്ന് കൊലുസ്, ഒരു നെക്ലസ്,ആറ് മോതിരം,അഞ്ച് കമ്മൽ എന്നിങ്ങനെ വിവിധ തൂക്കത്തിലുള്ള 13 ലക്ഷം രൂപ വിലവരുന്ന 164 ഗ്രാം സ്വർണാഭരണങ്ങളാണ് കവർന്നത്. കവർച്ചയ്ക്ക് ശേഷം മുങ്ങിയ ഇയാളെ നെയ്യാറ്റിൻകര ഡിവൈ.എസ്.പി ചന്ദ്രദാസ്, കാഞ്ഞിരംകുളം എസ്.എച്ച്.ഒ രതീഷ്, ബിനു, സജീഷ് കുമാർ എന്നിവരുൾപ്പെട്ട സംഘം നടത്തിയ അന്വേഷത്തിലാണ് പിടികൂടിയത്.കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.