Fincat

പാ‍ർസൽ നിരക്ക് കൂട്ടാൻ ബ്ലൂ ഡാർട്ട്, ജനുവരി 1 മുതൽ 12 ശതമാനം വരെ അധിക തുക നൽകണം

കൊറിയർ ഡെലിവറി സേവനങ്ങൾ നൽകുന്ന ലോജിസ്റ്റിക്സ് കമ്പനിയായ ബ്ലൂ ഡാർട്ട് എക്സ്പ്രസ് ഷിപ്പ്‌മെന്റ് നിരക്ക് വർധിപ്പിച്ചു. 9 മുതൽ 12 ശതമാനമാണ് വർധനവ്. ഉൽപ്പന്ന ഘടകങ്ങളെയും ഓരോ ഉപഭോക്താവിന്റെയും ഷിപ്പിംഗ് പ്രൊഫൈലിനെയും ആശ്രയിച്ച് വർദ്ധനവ് വ്യത്യാസപ്പെടും. തുടർച്ചയായ സേവന മികവ് ഉറപ്പാക്കുന്നതിനും സഹകരണം ശക്തിപ്പെടുത്തുന്നതിനുമാണ് നിരക്ക് കൂട്ടിയതെന്ന് കമ്പനി അറിയിച്ചു. വിലനിർണ്ണയ ഘടനയുടെ വാർഷിക അവലോകനത്തെ തുടർന്നാണ് ഇത്തരത്തിലെരു നിക്കമെന്ന് കമ്പനി വ്യക്തമാക്കി.

പണപ്പെരുപ്പ സമ്മർദ്ദങ്ങൾ, വർദ്ധിച്ചുവരുന്ന എയർലൈൻ ചെലവുകൾ, ആഗോള വിതരണ ശൃംഖലകളിലുണ്ടാകുന്ന തടസ്സങ്ങൾ എന്നിവ പരിഹരിക്കുന്നതിനൊപ്പം വേഗത, വിശ്വാസ്യത, ഉപഭോക്തൃ പ്രശ്ന പരിഹാരങ്ങൾ തുടങ്ങിയ സേവനങ്ങളുടെ നിലവാരം ഉയർത്തുന്നതിന് ഈ പരിഷ്കരണം ആവശ്യമാണെന്ന് ബ്ലൂ ഡാർട്ട് അഭിപ്രായപ്പെട്ടു . അതേസമയം ഒക്ടോബർ 1 നും ഡിസംബർ 31 നും ഇടയിൽ ബ്ലൂ ഡാർട്ട് സേവനം തേടുന്ന ഉപഭോക്താക്കളെ വില വർദ്ധനവ് ബാധിക്കില്ലെന്ന് കമ്പനി വ്യക്തമാക്കിട്ടുണ്ട്. നിരക്ക് ഉയർത്തയതിനൊപ്പം, നെറ്റ്‌വർക്ക് വികസിപ്പിക്കുന്നതിനും, പുതിയ സാങ്കേതികവിദ്യകൾ ഉപയോഗിക്കുന്നതിനും, സേവന ഓഫറുകൾ മെച്ചപ്പെടുത്തുന്നതിനുമായി നിക്ഷേപങ്ങൾ സമാഹരിക്കുന്നുവെന്നും ബ്ലൂ ഡാർട്ടിന്റെ മാനേജിംഗ് ഡയറക്ടർ ബാൽഫോർ മാനുവൽ പറഞ്ഞു.

മഹാരാഷ്ട്രയിലെ മുംബൈ ആസ്ഥാനമായുള്ള ബ്ലൂ ഡാര്‍ട്ട്, പാര്‍സല്‍ നിരക്ക് കൂട്ടുമെന്ന പ്രഖ്യാപിച്ചതോടെ കമ്പനിയുടെ ഒന്‍പതു ശതമാനത്തോളം ഉയര്‍ന്നിരുന്നു.