മാതൃകയാക്കാം മാട്ടക്കല്‍ യുവജന സംഘം വായനശാലയുടെ നല്ല ശീലം
മാലിന്യമുക്ത നവകേരളം എന്ന ലക്ഷ്യം കൈവരിച്ച് നാടുമുഴുവന്‍ മുന്നേറുമ്പോള്‍ മാതൃകയാവുകയാണ് താഴെക്കോട് ഗ്രാമപഞ്ചായത്തിലെ അരക്കുപറമ്പ് മാട്ടറക്കല്‍ യുവജനസംഘം.
ഓണാഘോഷങ്ങളുടെ ഭാഗമായി സെപ്റ്റംബര്‍ ഒന്നിന് 1500 പേര്‍ പങ്കെടുത്ത ഓണക്കളികളും ജനകീയ ഓണസദ്യയും പൂര്‍ണമായും ഗ്രീന്‍ പ്രോട്ടോകോള്‍ പാലിച്ചാണ് വായനശാല സംഘടിപ്പിച്ചത്. മാതൃകാപരമായ പ്രവര്‍ത്തനം കാഴ്ചവെച്ച വായനശാല പ്രതിനിധികളെ ജില്ലാ ശുചിത്വ മിഷന്റെ പേരില്‍ ജില്ലാ കളക്ടര്‍ വി.ആര്‍. വിനോദ് അനുമോദന പത്രം നല്‍കി ആദരിച്ചു. സ്വന്തം മാലിന്യം സ്വന്തം ഉത്തരവാദിത്തമായി കണ്ട് ആഘോഷവേളകളില്‍ എല്ലാവരും സമ്പൂര്‍ണ്ണ ഹരിതചട്ടം പാലിക്കണമെന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു. പരിപാടിയില്‍ സബ് കലക്ടര്‍ ദിലീപ് കെ കൈനിക്കര വിശിഷ്ടാതിഥിയായി.
മണ്ണിനും മനുഷ്യനും ദോഷകരമായ പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള വസ്തുക്കള്‍ക്കെതിരെ ബദല്‍ ഉല്‍പ്പന്നങ്ങളുടെ പ്രോത്സാഹനം അനിവാര്യമാണെന്നും കൃത്യമായ ശാസ്ത്രീയ മാലിന്യ സംസ്‌കരണം നാം ഓരോരുത്തരുടെയും ഉത്തരവാദിത്വമാണെന്നും ജില്ലയിലെ കൂടുതല്‍ യുവജന സന്നദ്ധ സംഘടനകള്‍ മാലിന്യ സംസ്‌കരണത്തില്‍ മുന്നോട്ടുവരണമെന്നും ജില്ലാ ശുചിത്വ മിഷന്‍ കോഡിനേറ്റര്‍ എ. ആതിര പറഞ്ഞു
വായനശാല പ്രസിഡന്റ് എം.പി. രാജന്‍, ജോയിന്റ് സെക്രട്ടറി പി.പി. സുകന്യ, എക്‌സിക്യൂട്ടീവ് അംഗങ്ങളായ ചന്ദ്രന്‍ അക്കര, പി. ദാസന്‍, സിജു പടിയറ, ശുചിത്വമിഷന്‍ അസിസ്റ്റന്റ് കോഡിനേറ്റര്‍ അമല്‍ പ്രസാദ്, പ്രോഗ്രാം ഓഫീസര്‍ കെ.സി. സിറാജുദ്ദീന്‍ ടെക്‌നിക്കല്‍ കണ്‍സള്‍ട്ടന്റ് കെ. വിനീത് തുടങ്ങിയവര്‍ പങ്കെടുത്തു