കാലിന് പരിക്കേറ്റ് ചികിത്സയ്‌ക്കെത്തി; വിദഗ്ധ പരിശോധനയില്‍ അമീബിക് മസ്തിഷ്ക ജ്വരം; 57കാരൻ ചികിത്സയില്‍
തിരുവനന്തപുരം: ആറ്റിങ്ങലില്‍ കാലിന് പരിക്കേറ്റ് ചികിത്സയ്‌ക്കെത്തിയ മധ്യവയസ്കന് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു.കൊടുമണ്‍ സ്വദേശിയായ 57 വയസുകാരനാണ് രോഗം സ്ഥിരീകരിച്ചത്. ഇദ്ദേഹത്തെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കാലിന് പരിക്കേറ്റ മധ്യവയസ്കൻ ചികിത്സയ്ക്കായി വലിയകുന്ന് താലൂക്ക് ആശുപത്രിയില്‍ എത്തിയതായിരുന്നു. ഇവിടെ നിന്ന് വിദഗ്ധ ചികിത്സയ്ക്കായി ഇയാളെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. മെഡിക്കല്‍ കോളേജില്‍ നടത്തിയ പരിശോധനയിലാണ് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചത്. രോഗബാധ എവിടെ നിന്നാണ് ഉണ്ടായത് എന്ന കാര്യത്തില്‍ വ്യക്തതയില്ല.