Fincat

ഉറങ്ങിക്കിടന്ന ഭർത്താവിന്റെ ദേഹത്ത് തിളച്ച എണ്ണ ഒഴിച്ചു, പൊള്ളലേറ്റ ഭാഗത്ത് മുളകുപൊടി വിതറി;ഭാര്യക്കെതിരെ കേസ്

ന്യൂഡല്‍ഹി: ഉറങ്ങിക്കിടന്ന ഭര്‍ത്താവിന്റെ ദേഹത്ത് തിളച്ച എണ്ണ ഒഴിച്ച് ഭാര്യ. പൊള്ളലേറ്റ ഭാഗത്ത് മുളകുപൊടി വിതറുകയും ചെയ്തു. ഡല്‍ഹി മദന്‍ഗിറിലായിരുന്നു സംഭവം. സ്വകാര്യ ആശുപത്രിയില്‍ ഫാമസ്യൂട്ടിക്കല്‍ ജീവനക്കാരനായ ദിനേശിന് (27) സാരമായി പരിക്കേറ്റു. ഇദ്ദേഹത്തെ ഡല്‍ഹിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിലവില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ് ദിനേശ്.

ഒക്ടോബര്‍ മൂന്നിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. വീട്ടില്‍ ഉറങ്ങിക്കിടക്കുന്നതിനിടെ ദിനേശിന്റെ ശരീരത്തില്‍ ഭാര്യ തിളച്ച എണ്ണ ഒഴിക്കുകയായിരുന്നു. സംഭവം നടക്കുമ്പോള്‍ ഇവരുടെ എട്ട് വയസ് പ്രായമുള്ള മകളും വീട്ടില്‍ ഉണ്ടായിരുന്നു. ആക്രമണത്തെ എതിര്‍ത്തപ്പോള്‍ ഇനിയും എണ്ണ ഒഴിക്കുമെന്ന് ഭാര്യ ഭീഷണിപ്പെടുത്തിയതായി ദിനേശ് നല്‍കിയ പരാതിയിലുണ്ട്. ദിനേശിന്റെ നിലവിളി കേട്ട് വീട്ടുടമയും അയല്‍വാസികളും ഓടിയെത്തി. ഇവരാണ് ദിനേശിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

എട്ട് വര്‍ഷം മുന്‍പായിരുന്നു ദിനേശിന്റെ വിവാഹം. കഴിഞ്ഞ കുറച്ച് നാളുകളായി ദിനേശും ഭാര്യയും തമ്മില്‍ അസ്വാരസ്യങ്ങളുണ്ടായിരുന്നു. സംഭവത്തില്‍ അംബേദ്കര്‍ നഗര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ദിനേശിന്റെ ഭാര്യയെ പ്രതിയാക്കിയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.