തുമ്മല്‍ പിടിച്ചുവയ്ക്കാന്‍ ശ്രമിക്കുന്നവരാണോ? രക്തക്കുഴലുകള്‍ പൊട്ടിയേക്കാം
ശ്വാസകോശത്തിലോ മൂക്കിലോ ഏതെങ്കിലും തരത്തിലുള്ള പ്രകോപിപ്പിക്കുന്ന വസ്തുകള്‍ എത്തുമ്പോഴാണ് അവയെ പുറന്തള്ളാനാണ് നമ്മള്‍ തുമ്മുന്നത്. പൊടി, പൂമ്പൊടി, വൈറസ് എന്നിവ മൂലം തുമ്മല്‍ ഉണ്ടായേക്കാം. ചില സമയങ്ങളില്‍ ഇതൊന്നുമല്ലാതെ വ്യക്തികള്‍ക്ക് അലര്‍ജി മൂലവും തുമ്മല്‍ വന്നേക്കാം. മുകളില്‍ പറഞ്ഞ ഏതെങ്കിലും ഒരു വസ്തുവിനോടുള്ള അമിതമായ ശരീരത്തിന്റെ രോഗപ്രതിരോധ സംവിധാനത്തിന്റെ പ്രതികരണമാണിത്. എന്നാല്‍ എപ്പോഴെങ്കിലും നിങ്ങള്‍ ഈ തുമ്മല്‍ പിടിച്ച് വെക്കാന്‍ ശ്രമിച്ചിട്ടുണ്ടോ ? അങ്ങനെയുള്ള ശീലമുള്ളവരാണ് നിങ്ങളെങ്കില്‍ അറിഞ്ഞോളൂ ഇത് വലിയ അപകട സാധ്യതകള്‍ക്ക് കാരണമായേക്കാം, അവ ഏതൊക്കെയാണെന്ന് അറിയാം,
ഇയര്‍ഡ്രം പൊട്ടിപോകാനുള്ള സാധ്യത
തുമ്മല്‍ പിടിച്ച് വെക്കാന്‍ ശ്രമിക്കുന്നത് ചെവിയിലെ ഇയര്‍ഡ്രം പൊട്ടിപോവാന്‍ കാരണമായേക്കാം. വലുതോ ചെറുതോ ആയ സുഷിരങ്ങള്‍ വീഴുക എന്നതാണ് ഇത് കൊണ്ട് ഉദ്ദേശിക്കുന്നത് ഇത് നിങ്ങളുടെ കേള്‍വി ശക്തിയെ ബാധിച്ചേക്കാം.
ചെവിയിലെ ഇന്‍ഫെക്ഷന്‍
തുമ്മല്‍ നിങ്ങളുടെ ശരീരത്തില്‍ നിന്ന് അലര്‍ജിക്ക് കാരണമാവുന്ന വസ്തുക്കളേ പുറന്തള്ളുമെങ്കിലും ഇവ പിടിച്ചുവയ്ക്കാന്‍ ശ്രമിച്ചാല്‍ ഈ വസ്തുകള്‍ നിങ്ങളുടെ ചെവിയിലേക്കോ തൊണ്ടയിലേക്കോ പോകാന്‍ സാധ്യതയുണ്ടായേക്കാം. ഇത് ഇന്‍ഫെക്ഷന് കാരണമായേക്കാം.
കണ്ണുകളിലെയോ മൂക്കിലെയോ രക്തക്കുഴലുകള്‍ക്ക് കേടുപാട്
തുമ്മല്‍ പിടിച്ചുനിര്‍ത്താന്‍ ശ്രമിക്കുന്നവര്‍ നേരിടുന്ന മറ്റൊരു പ്രശ്‌നമാണ് രക്തക്കുഴലുകളിലെ കേടുപാടുകള്‍. പെട്ടെന്നുള്ള സമ്മര്‍ദ്ദത്തില്‍ നിങ്ങളുടെ കണ്ണിലെ രക്കതക്കുഴലുകള്‍ പൊട്ടുകയോ കണ്ണിന് ചുമന്ന നിറം വരുകയോ ചെയ്‌തേക്കാം.
ബ്രെയിന്‍ അന്യൂറിസത്തിന് വിള്ളല്‍
തുമ്മല്‍ സാധാരണയായി ശ്വാസകോശത്തില്‍ നിന്ന് വളരെ ശക്തിയോടെ വായു പുറത്തുവിടുന്ന ഒരു പ്രക്രിയയാണ്. പെട്ടെന്ന് ഇവ പിടിച്ച് നിര്‍ത്തുമ്പോള്‍ തലച്ചോറിലെ അന്യൂറിസം പൊട്ടാനുള്ള സാധ്യതയേറുന്നു. ഇത് തലച്ചോറിലെ രക്തസ്രാവത്തിന് കാരണമാവുന്നു. കൃത്യസമത്ത് ഇത് ചികിത്സിച്ചില്ലെങ്കില്‍ അവസ്ഥ വഷളായേക്കാം.
തുമ്മല്‍ പിടിച്ച് വെക്കുന്നത് ചില സമയങ്ങളില്‍ എല്ലുകളുടെ ഒടിവിനും കാരണമായേക്കാം. ചിലരില്‍ ഇത് ചെവിയിലെ അസ്ഥികള്‍ക്ക് ഒടിവിന് കാരണമായേക്കാം. വേറെ ചിലരില്‍ ഇത് നെഞ്ചില്‍ മര്‍ദ്ദം നിലനിന്ന് വാരിയെല്ല് വരെ ഒടിയാനുള്ള സാധ്യതയായി മാറാമെന്നും വിദഗ്ധര്‍ പറയുന്നു.