Fincat

സഭയിൽ അസാധാരണ രംഗങ്ങൾ

ശബരിമല സ്വർണ മോഷണ വിവാദ​ത്തിൽ നിയമസഭയിൽ ഇന്നും പ്രതിപക്ഷ പ്രതിഷേധം. സഭ നടപടികളോട് നിസഹകരിക്കുന്ന സമരം തുടരുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു. വാച്ച് ആൻഡ് വാർഡിനെ വെച്ച് ഇന്നലെ പ്രതിരോധിക്കാൻ സ്പീക്കർ ശ്രമിച്ചു. മുഖ്യമന്ത്രി പ്രതിപക്ഷ അംഗത്തെക്കുറിച്ച് ബോഡി ഷെയ്മിങ് നടത്തിയെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. മന്ത്രിമാർ വായിൽ തോന്നിയത് പറഞ്ഞപ്പോൾ‌ സ്പീക്കർ ഇടപ്പെട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.

സ്പീക്കർ നിഷ്പക്ഷമായിട്ടല്ല പ്രവർത്തിക്കുന്നതെന്ന് വിഡി സതീശൻ വിമർശിച്ചു. ശബരിമലയിലെ ദ്വാരപാലക ശിൽപം വലിയ വിലയ്ക്ക് വിറ്റു. അതിന് കൂട്ടുനിന്ന ആളുകൾക്കെതിരെ നടപടിയെടുക്കണം. ദേവസ്വം മന്ത്രി രാജിവെക്കണം. ദേവസ്വം ബോർഡിനെ പുറത്താക്കണം. എന്നീ ആവശ്യങ്ങളുമായി തങ്ങൾ മുന്നോട്ടുപോകുന്നുവെന്ന് വിഡി സതീശൻ പറഞ്ഞു.

അയ്യപ്പന്റെ സ്വർ‌ണ്ണം ചെമ്പാക്കിയ കൊള്ള സംഘം, അയ്യപ്പന്റെ സ്വർണം ചെമ്പാക്കിയ എൽഡിഎഫ് രാസവിദ്യ എന്നെഴുതിയ ബാനറുകൾ ഉയർത്തിയാണ് പ്രതിപക്ഷ പ്രതിഷേധം. വാച്ച് ആൻഡ് വാർഡിനെ ഇറക്കി പ്രതിപക്ഷ അംഗങ്ങളെ തടഞ്ഞു. ഫ്ലോറിൽ ബാനർ പിടിക്കാൻ കഴിയില്ലെന്ന് സ്പീക്കർ പറഞ്ഞു. ബാനർ പിടിച്ചു വാങ്ങിക്കാൻ സ്പീക്കർ നിർദേശിച്ചു. പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിയെക്കുറിച്ച് പറഞ്ഞത് വസ്തുതയല്ലെന്ന് മന്ത്രി എംബി രാജേഷ് പറഞ്ഞു.

പ്രതിപക്ഷ നേതാവ് അക്രമത്തിന് ആഹ്വാനം നൽകുകയാണ് ചെയ്തിരിക്കുന്നത് മന്ത്രി എം ബി രാജേഷ് ആരോപിച്ചു. വനിതാ വാച്ച് ആൻഡ് വാർഡിനെ പ്രതിപക്ഷം ആക്രമിക്കുന്നു. എന്തൊരു ധിക്കാരമാണ് കാണിക്കുന്നതെന്ന് മന്ത്രി കുറ്റപ്പെടുത്തി. പ്രതിപക്ഷ നേതാവ് ഗുണ്ടായിസം കാണിക്കുകയാണെന്ന് അദേഹം വിമർശിച്ചു. ഭരണപക്ഷ അംഗങ്ങളുടെ സീറ്റിനടുത്തെത്തി ബഹളം വെക്കരുത് എന്ന് എം.ബി . രാജേഷ് നിർദേശം നൽകി.