Fincat

അടുത്ത അഞ്ച് ദിവസത്തേയ്ക്ക് മഴയ്ക്ക് സാധ്യത; മുന്നറിയിപ്പുമായി യുഎഇ കാലാവസ്ഥ കേന്ദ്രം

യുഎഇയിൽ അടുത്ത അഞ്ച് ദിവസത്തേയ്ക്ക് കാലാവസ്ഥയിൽ മാറ്റമുണ്ടാകുമെന്ന് മുന്നറിയിപ്പ്. ഒക്ടോബർ 10 മുതൽ 14 വരെ യുഎഇയുടെ വിവിധ ഭാ​ഗങ്ങളിൽ മഴ ലഭിച്ചേക്കും. തെക്കുഭാഗത്തുനിന്ന് വ്യാപിക്കുന്ന ന്യൂനമർദ്ദവും ഉയർന്ന തലത്തിലുള്ള തണുത്തതും ഈർപ്പമുള്ളതുമായ ന്യൂനമർദ്ദവുമാണ് മഴയ്ക്ക് കാരണമാകുന്നത്.

ഇടവിട്ടുള്ള സമയങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. മഴയുടെ ശക്തി കൂടുതലും വടക്കൻ, കിഴക്കൻ എമിറേറ്റുകളിൽ ആയിരിക്കുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഉൾപ്രദേശങ്ങളിലും പടിഞ്ഞാറൻ മേഖലകളിലുമുള്ള ചില സ്ഥലങ്ങളിൽ മഴ ലഭിക്കാൻ സാധ്യതയുണ്ട്. ചില പ്രദേശങ്ങളിൽ ആലിപ്പഴം വീഴാനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പിൽ പറയുന്നു.

മഴയെത്തുന്നത് രാജ്യത്തെ താപനില കുറയാൻ സഹായമാകും. കാറ്റിന്റെ ഗതി തെക്കുകിഴക്ക്, വടക്കുകിഴക്ക് ദിശകളിൽ നിന്ന് വടക്കുപടിഞ്ഞാറൻ ദിശയിലേക്ക് മാറും. ചില സമയങ്ങളിൽ കാറ്റ് ശക്തമാകാനും പൊടിപടലങ്ങൾ ഉയർത്താനും സാധ്യതയുണ്ടെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. കൂടാതെ, അറബിക്കടലിലും ഒമാൻ ഉൾക്കടലിലും കടൽ പ്രക്ഷുബ്ധമാകാൻ സാധ്യതയുള്ളതിനാൽ, കടൽ മാർഗം യാത്ര ചെയ്യുന്നവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു.