ഓടുന്നതിനിടെ സ്‌കൂട്ടറിന്റെ ടയറും സ്റ്റിയറിംഗും വേര്‍പെട്ടു; ഒല ഷോറൂമിന് മുന്നില്‍ സ്‌കൂട്ടര്‍ കത്തിച്ച് യുവാവ്
സ്‌കൂട്ടറിന് തകരാര്‍ ഉണ്ടെന്ന് അറിയിച്ചിട്ടും പ്രശ്‌നം പരിഹരിക്കാത്തതില്‍ കുപിതനായി യുവാവ് ഒല ഷോറൂമിന് മുന്നില്‍ ഇലക്ട്രിക് സ്‌കൂട്ടറിന് തീയിട്ടു. സ്‌കൂട്ടര്‍ മുഴുവനായി കത്തി നശിച്ചു.
ഗുജറാത്തിലെ പാലന്‍പൂര്‍ സ്വദേശിയായ യുവാവാണ് സ്വന്തം സ്‌കൂട്ടറിന് തീയിട്ടത്. സ്ംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ ഓണ്‍ലൈനില്‍ വൈറലായി.
ഓടുന്നതിനിടെ സ്‌കൂട്ടറിന്റെ ടയറും സ്റ്റിയറിംഗും വേര്‍പെട്ട് അപകടം ഉണ്ടായതിനെ തുടര്‍ന്നാണ് യുവാവിന്റെ കടുത്ത നടപടി. ഇത് സംബന്ധിച്ച്, കമ്പനിക്ക് പലതവണ പരാതി നല്‍കിയിട്ടും തൃപ്തികരമായ മറുപടി ഉണ്ടായില്ലെന്ന് ഇയാള്‍ ആരോപിച്ചു. പ്രമുഖ ഇലക്ട്രിക് ഇരുചക്ര വാഹന കമ്പനിയായ ഒല ഇലക്ട്രിസിനെതിരെയാണ് യുവാവിന്റെ ആരോപണം.
ഭാര്യക്കും അഞ്ച് വയസ്സുള്ള മകനുമൊപ്പം യാത്ര ചെയ്യുമ്പോഴാണ് അപകടം ഉണ്ടായതെന്ന് യുവാവ് പറയുന്നു. സ്‌കൂട്ടറിന്റെ സ്റ്റിയറിംഗും ടയറും തമ്മിലുള്ള ബന്ധം പെട്ടെന്ന് വേര്‍പെട്ടു പോവുകയായിരുന്നു. വലിയ അപകടത്തില്‍ നിന്നാണ് താനും കുടുംബവും തലനാരിഴയ്ക്ക് രക്ഷപ്പെട്ടതെന്ന് യുവാവ് പറയുന്നു. ഹൈവേയില്‍ ആയതിനാലും കുറഞ്ഞ വേഗത ആയതിനാലുമാണ് വലിയ അപകടം ഒഴിവായതെന്ന് ഇയാള്‍ പറഞ്ഞു.
അപകടത്തെ തുടര്‍ന്ന് സ്‌കൂട്ടറിന്റെ തകരാര്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഷോറൂമിലെത്തിയെങ്കിലും അധികൃതര്‍ നടപടി സ്വീകരിച്ചില്ല. നിരവധി തവണ ഷോറൂം സന്ദര്‍ശിച്ചെങ്കിലും അധികൃതര്‍ അവഗണിക്കുകയായിരുന്നുവെന്ന് യുവാവ് പറയുന്നു. ഒല ഷോറൂം അധികാരികള്‍ക്ക് പല തവണ പരാതി നല്‍കിയിട്ടും തൃപ്തികരമായ പ്രതികരണമോ പരിഹരമോ ലഭിച്ചില്ലെന്നും യുവാവ് വ്യക്തമാക്കി. ഇതിനു പിന്നാലെയാണ് ഷോറൂമിന് മുന്നിലെത്തി യുവാവ് സ്‌കൂട്ടര്‍ പെട്രോള്‍ ഒഴിച്ച് കത്തിച്ചത്.
ഗുജറാത്തിലെ പാലന്‍പൂരില്‍ നടന്ന ഈ നാടകീയ സംഭവത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. യുവാവ് സ്‌കൂട്ടറില്‍ മണ്ണെണ്ണയൊഴിക്കുന്നതും, തീയിടുന്നതും വീഡിയോയില്‍ കാണാം. നിമിഷങ്ങള്‍ക്കകം വാഹനം പൂര്‍ണമായും കത്തിനശിച്ചു. സംഭവം കാണാന്‍ ഷോറൂമിന് പൂറത്ത് വലിയ ആള്‍ക്കൂട്ടം തടിച്ചുകൂടിയിരുന്നു. ഈ സംഭവം ഒല ഇലക്ട്രിക് സ്‌കൂട്ടറുകളുടെ സര്‍വീസ് സംബന്ധിച്ച് ഉപഭോക്താക്കള്‍ക്കിടയില്‍ ആശങ്കകള്‍ ഉണ്ടാക്കിയിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ ഇത്തരത്തിലുള്ള നിരവധി കമന്റുകളാണ് നിറയുന്നത്.