തൂവാനത്തുമ്ബികളുടെ നിര്‍മാതാവ് പി സ്റ്റാൻലി അന്തരിച്ചു
നിർമാതാവ് പി സ്റ്റാൻലി അന്തരിച്ചു. 81 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. മൂന്നു ദശാബ്ദക്കാലം ചെന്നൈയില്‍ എ വിൻസന്റ്, തോപ്പില്‍ ഭാസി എന്നിവർക്കൊപ്പം സഹസംവിധായകൻ, കഥാകൃത്ത് എന്നീ നിലകളില്‍ പ്രവർത്തിച്ചു.’വെളുത്ത കത്രീന’, ‘ഏണിപ്പടികള്‍’, ‘അസുരവിത്ത്’, ‘തുലാഭാരം’, ‘നദി’, ‘അശ്വമേധം’, ‘നിഴലാട്ടം’, ‘നഗരമേ നന്ദി’, ‘പ്രിയമുള്ള സോഫിയ’, ‘അനാവരണം’, ‘പൊന്നും പൂവും’ തുടങ്ങി ഇരുപത്തഞ്ചോളം സിനിമകളുടെ സഹസംവിധായകനാണ്. ‘തൂവാനത്തുമ്ബികള്‍’, ‘മോചനം’, ‘വരദക്ഷിണ’, ‘തീക്കളി’ തുടങ്ങി നിരവധി സിനിമകളുടെ നിർമാതാവായിരുന്നു. ‘രാജൻ പറഞ്ഞ കഥ’, ‘തോല്ക്കാൻ എനിക്കു മനസ്സില്ല’, ‘വയനാടൻ തമ്ബാൻ’ തുടങ്ങിയ സിനിമകളുടെ വിതരണക്കാരനായി.
കൊല്ലത്തെ ആദ്യകാല കമ്യൂണിസ്റ്റ് നേതാവായിരുന്ന പോളിക്കാർപ്പിന്റെയും പി മേരിയുടെയും മകനാണ്. മദ്രാസ് ഡോണ്‍ബോസ്കോ ഇൻസ്റ്റിറ്റ്യൂട്ടില്‍നിന്ന് ജേണലിസവും സംവിധാനത്തില്‍ പരിശീലനവും നേടി. 1965-ല്‍ കൊല്ലത്ത് സിതാര പ്രിന്റേഴ്സ് ആരംഭിച്ചു. 1966 മുതല്‍ ചെന്നൈയായിരുന്നു പ്രവർത്തനകേന്ദ്രം.
‘വാസ്തുകലാപീഠം’ എന്ന കെട്ടിടനിർമാണസ്ഥാപനത്തിന്റെ ഡയറക്ടറും വാസ്തു കണ്‍സള്‍ട്ടന്റുമായിരുന്നു. ‘കനല്‍വഴിയിലെ നിഴലുകള്‍’, ‘മാന്ത്രികപ്പുരത്തിന്റെ കഥ’, ‘പ്രണയത്തിന്റെ സുവിശേഷം’, ‘ഹൃദയത്തിന്റെ അവകാശികള്‍’, ‘ഇന്ദ്രപ്രസ്ഥത്തിന്റെ ഇതിഹാസം’ എന്നീ നോവലുകളും ‘ഒരിടത്തൊരു കാമുകി’ എന്ന കഥാസമാഹാരവും ‘വാസ്തുസമീക്ഷ’ എന്ന ശാസ്ത്രപുസ്തകവും ‘ഓർമ്മകളുടെ വെള്ളിത്തിര’, ‘നിലാവും നക്ഷത്രങ്ങളും’, ‘ആയുസ്സിന്റെ അടിക്കുറിപ്പുകള്‍’ എന്നീ ഓർമ്മപ്പുസ്തകങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഭാര്യ: പരേതയായ സാലമ്മ സ്റ്റാൻലി. മക്കള്‍: ഷൈനി ജോയി, ബെൻസണ്‍ സ്റ്റാൻലി (മാനേജിങ് ഡയറക്ടർ, റിഫ്ക്കണ്‍, സൗദി അറേബ്യ), സുനില്‍ സ്റ്റാൻലി(പ്രിൻസിപ്പല്‍ ആർക്കിടെക്ട്, ഇന്നർ സ്പെസ് ഇന്റീരിയർ ഡിസൈണ്‍ എല്‍എല്‍സി, ദുബായ്). മരുമക്കള്‍: ജോയി, ഡോ. പർവീണ്‍ മോളി, ബിനു സുനില്‍. സംസ്കാരം ശനിയാഴ്ച ഉച്ചയ്ക്ക് 12-ന് മുട്ടട ഹോളിക്രോസ് ചർച്ചില്‍.