ജില്ലാ പഞ്ചായത്തില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരുടെ ആദ്യ യോഗം ചേര്‍ന്നു

മലപ്പുറം: ജില്ലയിലെ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരെ പരിചയപ്പെടുന്നതിനും പഞ്ചായത്തുമായി ബന്ധപ്പെട്ട വിവിധ പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കുന്നതിനുമായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരുടെ ആദ്യ യോഗം ജില്ലാ പഞ്ചായത്തില്‍ ചേര്‍ന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ.റഫീഖ യോഗം ഉദ്ഘാടനം ചെയ്തു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് രണ്ടു ബാച്ചുകളിലായാണ് യോഗം ചേര്‍ന്നത്. യോഗത്തില്‍ ജില്ലാ കലക്ടര്‍ കെ.ഗോപാലകൃഷ്ണന്‍, ജില്ലാ പൊലീസ് മേധാവി യു. അബ്ദുള്‍ കരീം തുടങ്ങിയവര്‍ പങ്കെടുത്തു.

ഗ്രാമപഞ്ചായത്തുകളുമായി ബന്ധപ്പെട്ട വിവിധ പ്രവര്‍ത്തനങ്ങളെക്കുറിച്ച് വിവിധ വകുപ്പ് മേധാവികള്‍ വിശദീകരിച്ചു. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.കെ.സക്കീന വിശദീകരിച്ചു. ഗ്രാമപഞ്ചായത്തുകളുമായി ബന്ധപ്പെട്ട ആരോഗ്യ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് ഡി.പി.എം. ഡോ.എ. ഷിബുലാല്‍ വിശദീകരിച്ചു. 2020-21 വാര്‍ഷിക പദ്ധതി നിര്‍വഹണം, 2021- 22 വാര്‍ഷിക പദ്ധതി തയ്യാറാക്കല്‍ എന്നീ വിഷയങ്ങളില്‍ പഞ്ചായത്തുകള്‍ സ്വീകരിക്കേണ്ട നടപടികളെ കുറിച്ച് അസിസ്റ്റന്റ് ജില്ലാ പ്ലാനിങ് ഓഫീസര്‍ പി.രത്‌നേഷ്, ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി സംബന്ധിച്ച് ജില്ലാ ജോയിന്റ് പ്രോഗ്രാം കോര്‍ഡിനേറ്റര്‍ പി.ജി.വിജയകുമാര്‍, ഗ്രീന്‍പ്രോട്ടോക്കോള്‍ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ഹരിതകേരള മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ ജിതിന്‍, ശുചിത്വ മിഷന്‍ എ.ഡി.സി മിനി, ടി.എസ്.സി കോര്‍ഡിനേറ്റര്‍ സൈനുദ്ദീന്‍ എന്നിവര്‍ സംസാരിച്ചു. കുടുംബശ്രീ ജില്ലാമിഷന്‍ കോര്‍ഡിനേറ്റര്‍ സുരേന്ദ്രന്‍, ഹസ്‌ക്കര്‍ എന്നിവര്‍ വിവിധ പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വിശദീകരിച്ചു. ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇസ്മയില്‍ മൂത്തേടം, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ഇ. എ. രാജന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.