തോക്ക് ചൂണ്ടി പണം കവര്‍ച്ച; പ്രതികള്‍ ഇതരസംസ്ഥാനത്തേക്ക് കടന്നതായി പൊലീസ്, അന്വേഷണം ഊര്‍ജിതം
കൊച്ചി:കുണ്ടന്നൂരില്‍ തോക്ക് ചൂണ്ടി പണം കവര്‍ച്ച ചെയ്ത കേസിലെ പ്രതികള്‍ ഇതരസംസ്ഥാനത്തേക്ക് കടന്നതായി വിവരം.ഇതര സംസ്ഥാനങ്ങളിലേക്ക് അന്വേഷണം വ്യാപിപ്പിച്ചതായി പൊലീസ് അറിയിച്ചു. ഒന്നാം പ്രതിയായ ജോജിയും മുഖംമൂടിധാരികളായ മൂന്നു പേരുമാണ് ഇതര സംസ്ഥാനത്തേക്ക് കടന്നത്. കവർച്ച നടത്തുന്നതില്‍ നേരിട്ട് ഉള്‍പ്പെട്ടവരാണ് ഇവർ.
പരാതി നല്‍കില്ലെന്ന് കരുതിയാണ് പണം കവർന്നതെന്ന് രണ്ടാം പ്രതി വിഷ്ണു മൊഴി നല്‍കി. കൊച്ചിയിലെ അഭിഭാഷകനായ നിഖിന്‍ നരേന്ദ്രന്‍ അടക്കം ഇതുവരെ ഏഴ് പ്രതികളാണ് കേസില്‍ അറസ്റ്റിലായത്.
20 ലക്ഷം രൂപയും പൊലീസ് കണ്ടെടുത്തു. പ്രതികള്‍ രക്ഷപ്പെട്ട വാഹനം തൃശ്ശൂരില്‍ നിന്ന് ഇന്നലെ കസ്റ്റഡിയിലെടുത്തിരുന്നു. തോക്ക് ചൂണ്ടിയും വടിവാള്‍ വീശിയും ഭീകരാന്തരീക്ഷം സൃഷ്ടിച്ചാണ് കുണ്ടന്നൂരിലെ സ്റ്റീല്‍ വില്‍പ്പന കേന്ദ്രത്തില്‍ നിന്നും 80 ലക്ഷം കവര്‍ന്നത്.
80 ലക്ഷം നല്‍കിയാല്‍ 1.10 കോടിയായി തിരികെ നല്‍കാമെന്ന സംഘത്തിന്റെ വാഗ്ദാനത്തിന് പിന്നാലെയായിരുന്നു ഇത്. സിസിടിവി ദൃശ്യങ്ങളില്‍ നിന്നും പ്രതികള്‍ രക്ഷപ്പെട്ട കാറിനെ കുറിച്ചുള്ള വിവരം അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു. പിന്നാലെയാണ് തൃശ്ശൂരില്‍ നിന്നും സില്‍വര്‍ നിറത്തിലുള്ള റിട്‌സ് കസ്റ്റഡിയിലെടുത്തത്.കവര്‍ച്ച ആസൂത്രണം ചെയ്തത് കള്ളപ്പണം വെളുപ്പിക്കല്‍ സംഘമാണെന്നും എറണാകുളം എസിപിയുടെ നേതൃത്വത്തിലുള്ള സംഘം കണ്ടെത്തിയിട്ടുണ്ട്. അതിനിടെ കവര്‍ച്ചയ്ക്ക് മുന്‍പ് പണം നഷ്ടമായ സുബിന്‍ ഹോട്ടലില്‍ വച്ച് പ്രതികളുമായി സംസാരിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.