Fincat

പേരാമ്പ്ര സംഘര്‍ഷം: ഷാഫിയെ ലാത്തി കൊണ്ട് അടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്, പൊലീസിൻ്റെ വാദം പൊളിയുന്നു

കോഴിക്കോട്: പേരാമ്പ്ര സംഘർഷത്തിൽ ഷാഫി പറമ്പിൽ എംപിക്ക് നേരെ ലാത്തിച്ചാർജ് നടത്തിയിട്ടില്ലെന്ന എസ്പിയുടെ വാദം പൊളിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. ഷാഫിയെ ലാത്തി കൊണ്ട് പൊലീസ് അടിക്കുന്നതിന്റെ ദൃശ്യങ്ങൾ ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. പൊലീസ് ലാത്തി വീശിയില്ലെന്നും പ്രകോപിതരായ യുഡിഎഫ് പ്രവര്‍ത്തകരെ പിരിച്ചുവിടാൻ കണ്ണീര്‍ വാതകമാണ് പ്രയോഗിച്ചതെന്നും ആണ് പൊലീസിന്‍റെ ഭാഗത്ത് നിന്നും ഇന്നലെയുണ്ടായ വിശദീകരണം. അതിനിടയിലായിരിക്കാം ഷാഫിക്ക് പരിക്കേറ്റതെന്നായിരുന്നു പൊലീസ് പറഞ്ഞത്. എന്നാൽ അതിന് കടകവിരുദ്ധമായ ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. പിന്നിൽ നിൽക്കുന്ന പൊലീസ് ഉദ്യോഗസ്ഥനാണ് ഷാഫിക്ക് നേരെ ലാത്തി വീശുന്നതെന്ന് ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാകുന്നത്. ഷാഫിയുടെ തലയുടെ ഒരു ഭാഗത്തും മൂക്കിനും പരിക്കേറ്റിരുന്നു. പേരാമ്പ്രയിൽ നടന്നത് പൊലീസ് നരനായാട്ടെന്ന് കോണ്‍ഗ്രസ് നേതാവ് എംകെ രാഘവൻ പ്രതികരിച്ചു. കേരളത്തിൽ പൊലീസ് രാജ് അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

പേരാമ്പ്ര ഗവൺമെന്റ് സികെജി കോളേജിലെ യൂണിയൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്നങ്ങളാണ് ഷാഫി പറമ്പിൽ എംപി ഉൾപ്പെടെയുള്ളവർക്ക് പരിക്കേൽക്കുന്ന തരത്തിലുള്ള സംഘർഷത്തിലേക്ക് എത്തിയത്. ചെയർമാൻ സീറ്റിൽ വിജയിച്ചതിനെ തുടർന്ന് നടത്തിയ ആഹ്ലാദ പ്രകടനത്തിനിടെ സിപിഎം പ്രവർത്തകർ മർദ്ദിച്ചു എന്ന് ആരോപിച്ച് കഴിഞ്ഞ ദിവസം പേരാമ്പ്ര നഗരത്തിൽ കോൺഗ്രസ് ഹർത്താൽ ആചരിച്ചിരുന്നു. ഹർത്താലിന് ശേഷം യുഡിഎഫ് നഗരത്തിൽ നടത്തിയ പ്രതിഷേധ പ്രകടനത്തിനിടയിലാണ് സംഘർഷം ഉണ്ടായത്. അതേസമയം, മൂക്കിന് പരിക്കേറ്റ ഷാഫി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ തുടരുകയാണ്.