പിആര്‍ വിവാദം; സീസണ്‍ തുടങ്ങുന്നതിന് 3 ദിവസം മുന്‍പാണ് കോള്‍ വന്നതെന്ന് അനീഷ്, തെളിവ് കാണിക്കുമെന്ന് മോഹന്‍ലാല്‍
ബിഗ് ബോസ് മലയാളം സീസണ്‍ 7 ല്‍ കഴിഞ്ഞ ആഴ്ച ആളിക്കത്തിയ ഒന്നായിരുന്നു മത്സരാര്‍ഥികളുടെ പിആര്‍ സംബന്ധിച്ചുള്ള വിവാദം. പലരും മുന്‍പും ഇതേക്കുറിച്ച് അടക്കം പറഞ്ഞിട്ടുണ്ടെങ്കിലും ബിഗ് ബോസ് ഒരു മോണിംഗ് ആക്റ്റിവിറ്റ് കൊടുത്തതോടെ എല്ലാവര്‍ക്കും ഇതേക്കുറിച്ച് സംസാരിക്കാന്‍ ഒരു അവസരം ലഭിച്ചു. നിലവിലെ മത്സരാര്‍ഥികളില്‍ പിആര്‍ ഉണ്ടെന്ന് കരുതപ്പെടുന്ന ഒരാളെയും അങ്ങനെ ഇല്ല എന്ന് കരുതപ്പെടുന്ന ഒരാളെയും ചൂണ്ടിക്കാട്ടി, കാരണം പറയാനായിരുന്നു ഈ മോണിംഗ് ആക്റ്റിവിറ്റിയില്‍ ബിഗ് ബോസ് ആവശ്യപ്പെട്ടത്. അത് പ്രകാരം പിആര്‍ ഉള്ള മത്സരാര്‍ഥിയെന്ന് കൂടുതല്‍ പേരും പറഞ്ഞത് അനുമോളുടെ പേരായിരുന്നു. അനുമോള്‍ തന്നെ ഇക്കാര്യം പറഞ്ഞിട്ടുണ്ടെന്ന് സഹമത്സരാര്‍ഥികളില്‍ പലരും അറിയിച്ചു. ഒടുവില്‍ അനുമോള്‍ തന്നെ ഇക്കാര്യം സമ്മതിക്കുകയുമുണ്ടായി. ഇന്നത്തെ വാരാന്ത്യ എപ്പിസോഡില്‍ മോഹന്‍ലാല്‍ ഇക്കാര്യം ചര്‍ച്ചയാക്കുന്നുണ്ടെന്ന് ഏഷ്യാനെറ്റ് പുറത്തുവിട്ട പുതിയ പ്രൊമോ സൂചിപ്പിക്കുന്നു.
“പിആര്‍ എന്ന വാക്ക് ആദ്യമായിട്ട് കേട്ട ഒരാള്‍ നിങ്ങളുടെ കൂടെയുണ്ട്. അറിയാമോ”, എന്നാണ് മത്സരാര്‍ഥികളോടുള്ള മോഹന്‍ലാലിന്‍റെ ചോദ്യം. എന്നിട്ട് അനീഷിന്‍റെ പേരും അദ്ദേഹം വിളിക്കുന്നു. “ഇത്രയും വലിയ കാര്യങ്ങള്‍ (പിആറിനെക്കുറിച്ച്) നടക്കുന്നുണ്ട് എന്നത് എനിക്ക് ഒരു ഐഡിയയും ഉണ്ടായിരുന്നില്ല” എന്നാണ് അനീഷിന്‍റെ പ്രതികരണം. “അഞ്ച് വര്‍ഷത്തോളമായി ലീവ് എടുത്ത് ഈ ബിഗ് ബോസിലോട്ട് കയറാന്‍ കാത്തിരുന്ന ഒരാളാണ്. പിആറിനെക്കുറിച്ച് ഒന്നും അറിയില്ല”, തുടര്‍ന്ന് അനീഷിനെക്കുറിച്ച് മോഹന്‍ലാലിന്‍റെ വിമര്‍ശനം. പിആര്‍ സംബന്ധിച്ച ഹൗസിലെ ചര്‍ച്ചയില്‍ സീസണ്‍ ആരംഭിക്കുന്നതിന് മൂന്ന് ദിവസം മുന്‍പ് മാത്രമാണ് ബിഗ് ബോസില്‍ നിന്നൊരു കോള്‍ തനിക്ക് വന്നതെന്ന് അനീഷ് നേരത്തെ പറഞ്ഞിരുന്നു. ഇത് ശലിയാണോ എന്നാണ് മോഹന്‍ലാലിന്‍റെ തുടര്‍ ചോദ്യം.
മൂന്ന് ദിവസം മുന്‍പാണ് തനിക്ക് ഫൈനല്‍ അറിയിപ്പ് കിട്ടിയതെന്ന് അനീഷിന്‍റെ മറുപടി. എന്നാല്‍ ഇത് ശരിയല്ലെന്ന് പറയുന്നു മോഹന്‍ലാല്‍. “12 ദിവസങ്ങള്‍ക്ക് മുന്‍പാണ് ഞങ്ങള്‍ അറിയിക്കുന്നത്”, തുടര്‍ന്ന് മോഹന്‍ലാല്‍ പറയുന്നു. അത്രയ്ക്കൊന്നും ഉണ്ടായിരുന്നില്ല എന്ന അനീഷിന്‍റെ പ്രതികരണത്തോട് ഇല്ലെന്ന് പറഞ്ഞാല്‍ ഞാന്‍ തെളിവുകള്‍ കാണിക്കുമെന്ന് പറയുകയാണ് മോഹന്‍ലാല്‍. ഇന്നത്തെ എപ്പിസോഡ് കാണാനുള്ള കാത്തിരിപ്പ് പ്രേക്ഷകരില്‍ ഉണ്ടാക്കുന്ന പ്രൊമോ ആണ് ഏഷ്യാനെറ്റ് പുറത്തുവിട്ടിരിക്കുന്നത്.