സെൻട്രൽ ബാങ്കിനും സാമ്പത്തിക സ്ഥാപനങ്ങൾക്കുമായി പുതിയ നിയമം പ്രഖ്യാപിച്ച് യുഎഇ പ്രസിഡന്‍റ്
അബുദാബി: കേന്ദ്ര ബാങ്ക്, സാമ്പത്തിക സ്ഥാപനങ്ങൾ, ഇൻഷുറൻസ് പ്രവർത്തനങ്ങൾ എന്നിവയുടെ നിയന്ത്രണവുമായി ബന്ധപ്പെട്ട് പുതിയ നിയമം പ്രഖ്യാപിച്ച് യുഎഇ പ്രസിഡന്‍റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ. നിയമലംഘനങ്ങളുടെ ഗൗരവവും ഇടപാടുകളുടെ എണ്ണവും അനുസരിച്ച് പിഴത്തുക 10 മടങ്ങ് വരെ വർധിപ്പിച്ചതാണ് പുതിയ നിയമത്തിലെ പ്രധാന വ്യവസ്ഥ.
ബാങ്കുകളുടെയും ഇൻഷുറൻസ് കമ്പനികളുടെയും ഉപഭോക്താക്കളുടെ പരാതികൾ സ്വീകരിക്കാൻ ഉത്തരവാദിത്തമുള്ള സ്വതന്ത്ര ഏജൻസിയായ ‘സനാദകി’ന് കീഴിൽ പരാതി പരിഹാര നടപടികൾ ഏകീകരിക്കും. കൂടാതെ സാമ്പത്തിക തർക്കങ്ങൾ തീർപ്പാക്കുന്നതിന് പ്രത്യേക ജുഡീഷ്യൽ സമിതി രൂപവത്കരിക്കാനും പുതിയ നിയമം അനുവദിക്കുന്നു.
നിയമത്തിലെ പ്രധാന ലക്ഷ്യങ്ങൾ
ലൈസൻസുള്ള സാമ്പത്തിക സ്ഥാപനങ്ങൾ രാജ്യത്തെ എല്ലാ പൗരന്മാർക്കും ഡിജിറ്റൽ പരിവർത്തനത്തിനും സാമ്പത്തിക സേവന നവീകരണ ശ്രമങ്ങൾക്കും അനുസൃതമായി ശരിയായ ബാങ്കിംഗ്, സാമ്പത്തിക സേവനങ്ങൾ ലഭ്യമാക്കണം.
ബാങ്കുകളുടെയും ഇൻഷുറൻസ് കമ്പനികളുടെയും ഉപഭോക്താക്കൾക്കുള്ള പരാതികളും തർക്കങ്ങളും പരിഹരിക്കുന്നതിനുള്ള സംവിധാനം ഏകീകരിച്ച് ഉപഭോക്തൃ സംരക്ഷണം മെച്ചപ്പെടുത്തുക.
ലൈസൻസുള്ള സ്ഥാപനങ്ങളുടെ സാമ്പത്തിക നില വഷളാകുന്നതിൻ്റെ ലക്ഷണങ്ങൾ കണ്ടാൽ, തുടക്കത്തിൽ തന്നെ ഇടപെടാനും പരിഹരിക്കാനുമുള്ള മുൻകരുതൽ നടപടികൾ സ്ഥാപിക്കുക.
നിയമലംഘനങ്ങളുടെ ഗൗരവവും ഇടപാടുകളുടെ അളവും അനുസരിച്ച് പിഴത്തുക വർദ്ധിപ്പിക്കുക. പിഴയുടെ മൂല്യത്തിൻ്റെ പത്ത് മടങ്ങ് വരെ വർദ്ധിപ്പിക്കാൻ പുതിയ നിയമം വ്യവസ്ഥ ചെയ്യുന്നു.
പിഴകൾ ഓട്ടോമാറ്റിക്കായി ഡെബിറ്റ് ചെയ്യാനുള്ള വ്യവസ്ഥ, അന്തിമ കോടതി വിധിക്ക് മുമ്പ് പരിഹാരത്തിന് അവസരം നൽകൽ, പിഴ ഒത്തുതീർപ്പ് വിവരങ്ങൾ കേന്ദ്ര ബാങ്കിൻ്റെ ഔദ്യോഗിക വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കൽ എന്നിവ നടപ്പാക്കുക.
ദേശീയ കറൻസിയുടെ സ്ഥിരത നിലനിർത്തുക, സാമ്പത്തിക വ്യവസ്ഥയുടെ സ്ഥിരത പ്രോത്സാഹിപ്പിക്കുകയും സംരക്ഷിക്കുകയും ചെയ്യുക, വിദേശനാണ്യ കരുതൽ ശേഖരം വിവേകത്തോടെ കൈകാര്യം ചെയ്യുന്നത് ഉറപ്പാക്കുക.
ലൈസൻസുള്ള സാമ്പത്തിക സ്ഥാപനങ്ങൾ, വ്യക്തികൾക്കും ഏക ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങൾക്കും നൽകുന്ന എല്ലാത്തരം വായ്പകൾക്കും മതിയായ ഗ്യാരന്റികൾ നേടുകയും സൂക്ഷിക്കുകയും വേണം.