അമേരിക്കക്ക് അതേ നാണയത്തിൽ മറുപടി; റെയര്‍ എര്‍ത്തിന് പൂട്ടിട്ട് ചൈന
ചൈനയുമായുള്ള വ്യാപാര യുദ്ധം കടുപ്പിച്ച് ട്രംപ്. നവംബര്‍ 1 മുതല്‍ എല്ലാ ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്കും 100 ശതമാനം തീരുവ ഏർപ്പെടുത്തുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. സെമികണ്ടക്ടറുകള്‍, യുദ്ധവിമാനങ്ങള്‍, മറ്റ് ആധുനിക സാങ്കേതിക വിദ്യകളില്‍ ഉപയോഗിക്കുന്ന റെയര്‍ ഏര്‍ത്ത് ധാതുക്കളില്‍ ബീജിങ് പുതിയ കയറ്റുമതി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്നാണ് ഈ നീക്കം. ചൈന അന്താരാഷ്ട്ര വ്യാപാരത്തില്‍ അധാര്‍മ്മികത കാണിക്കുന്നുവെന്ന് ട്രംപ് ഇതിന് പിന്നാലെ തൻ്റെ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. കൂടാതെ ബീജിങ് കൂടുതല്‍ നടപടികള്‍ സ്വീകരിച്ചാല്‍ താരിഫ് വേഗത്തില്‍ പ്രാബല്യത്തില്‍ വരുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
ട്രംപും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങും കൂടിക്കാഴ്ച നടത്തുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ ആദ്യം അത് ഉണ്ടാകില്ലെന്നും പിന്നീട് ഉണ്ടാകാന്‍ സാധ്യതയുണ്ടോന്ന് അറിയില്ലെന്നുമായിരുന്നു ട്രംപ് പറഞ്ഞത്.
ചൈനയുടെ അപൂര്‍വ-ഭൂമി ധാതുക്കൾ അമേരിക്കയുടെ വ്യാവസായത്തെയും പ്രതിരോധ മേഖലയെയും സാരമായി തന്നെ ബാധിക്കും. കാറുകള്‍, സ്മാര്‍ട്ട്ഫോണുകള്‍, മറ്റു പല ഉല്പന്നങ്ങള്‍ എന്നിവയ്ക്കുപയോഗിക്കുന്ന അപൂര്‍വ ലോഹങ്ങളുടെയും മറ്റു ചില പ്രധാന വസ്തുക്കള്‍ക്കായും അമേരിക്ക ചൈനയെയാണ് ആശ്രയിക്കുന്നത്. ഇതിനെ തുടര്‍ന്ന യുഎസ് കമ്പനികള്‍ വലിയ പ്രതിസന്ധിയിലായിരിക്കുകയാണ്. വാഹനനിര്‍മാതാക്കളായ ഫോര്‍ഡിന് താത്കാലികമായി ഉത്പാദനം നിര്‍ത്തിവെയ്ക്കേണ്ടി വന്നതും വാര്‍ത്തയായി.
ട്രംപിന്റെ പ്രഖ്യാപനത്തിന് പിന്നാലെ വിപണികളില്‍ അതിന്റെ പ്രതിഫലനം കണ്ടു. ഡൗ 900 പോയിന്റ് ഇടിഞ്ഞു, എസ് & പി 500 2.7 ശതമാനം ഇടിഞ്ഞു, പ്രധാന ടെക്-റീട്ടെയില്‍ ഓഹരികള്‍ നയിച്ച നാസ്ഡാക്ക് 3.5 ശതമാനം ഇടിഞ്ഞു. വ്യാപാര യുദ്ധം ആഗോള വിതരണ ശൃംഖലകളെ പിടിച്ചുലച്ചേക്കുമെന്ന് വിശകലന വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.