ഗാസ സമാധാന കരാർ; സ്വാഗതം ചെയ്ത് ഗൾഫ് രാജ്യങ്ങൾ, കരാറിലെ നിബന്ധനകൾ വേഗം നടപ്പിലാക്കണമെന്ന് ആവശ്യം
ദുബൈ: ഗാസയിൽ ആദ്യഘട്ട വെടിനിർത്തൽ കരാർ സംബന്ധിച്ച യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രഖ്യാപനത്തെ സ്വാഗതം ചെയ്ത് യുഎഇയും സൗദിയും കുവൈത്തും ഒമാനും ഖത്തറും ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങൾ. ആദ്യഘട്ട കരാറിലെ നിബന്ധനകൾ നടപ്പിലാക്കാൻ ഇരു കക്ഷികളും എത്രയും വേഗം തയാറാകണമെന്നും ആവശ്യപ്പെട്ടു. മേഖലയിൽ സമാധാനം വീണ്ടെടുക്കുന്നതിന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ശ്രമങ്ങളെയും കരാർ സുഗമമാക്കാൻ യത്നിച്ച ഖത്തർ, ഈജിപ്ത്, തുർക്കി എന്നീ രാജ്യങ്ങളെയും യുഎഇ വിദേശകാര്യ മന്ത്രാലയം അഭിനന്ദിച്ചു.
യുദ്ധം അവസാനിപ്പിക്കുന്നതിനും മേഖലയിൽ സമാധാനവും സ്ഥിരതയും കൊണ്ടുവരുന്നതിനും അടിയന്തര ധാരണയിൽ എത്താൻ ഇസ്രയേലിനോടും ഹമാസിനോടും അഭ്യർഥിച്ചു. നീതിയുക്തവും സമഗ്രവുമായ സമാധാനമാണ് ഗാസയിൽ പ്രതീക്ഷിക്കുന്നതെന്ന് സൗദി, കുവൈത്ത് വിദേശകാര്യ മന്ത്രാലയങ്ങൾ വ്യക്തമാക്കി. ഗാസയിലെ വെടിനിർത്തലിന്റെ ആദ്യ ഘട്ടം നടപ്പാക്കുന്നതിനുള്ള നിബന്ധനകളും സംവിധാനങ്ങളും സംബന്ധിച്ച കരാറിനെ സ്വാഗതം ചെയ്യുന്നതായി ഒമാൻ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. യുദ്ധം അവസാനിപ്പിക്കുന്നതിനും ഇരുവശത്തുനിന്നുമുള്ള തടവുകാരെ മോചിപ്പിക്കുന്നതിനും ഗസ്സ മുനമ്പിലേക്ക് ആവശ്യമായ മാനുഷികസഹായം എത്തിക്കുന്നതിനും കരാർ സഹായകമാകും. വെടിനിർത്തൽ ഉറപ്പിക്കുന്നതിനും നീതിയുക്തവും സമഗ്രവുമായ രാഷ്ട്രീയപരിഹാരത്തിനാവശ്യമായ സാഹചര്യങ്ങൾ സൃഷ്ടിക്കുന്നതിനുമുള്ള സുസ്ഥിരമായ പ്രാദേശിക, അന്തർദേശീയ ശ്രമങ്ങളുടെ പ്രാധാന്യവും മന്ത്രാലയം ഊന്നിപ്പറഞ്ഞു.
പലസ്തീൻ ജനതയോടും മേഖലയോടുമുള്ള തങ്ങളുടെ മാനുഷികവും നയതന്ത്രപരവുമായ കടമകൾ നിറവേറ്റുന്നതിന് ഖത്തർ എല്ലാ ശ്രമവും നടത്തുമെന്ന് പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ബിൻ ജാസിം ആൽഥാനി. വെടിനിർത്തൽ കരാറിന്റെ ആദ്യഘട്ടം പ്രാബല്യത്തിൽ വന്ന പശ്ചാത്തലത്തിൽ, മേഖലയിലെ സമാധാനത്തിനും സ്ഥിരതക്കും വേണ്ടി നിലകൊള്ളുമെന്ന ഖത്തറിന്റെ നിലപാട് അദ്ദേഹം എക്സ് പോസ്റ്റിലൂടെ ആവർത്തിച്ചു.
ഗാസയിലെ യുദ്ധം അവസാനിപ്പിക്കാൻ ധാരണയായ കരാർ മിഡിൽ ഈസ്റ്റിനും ലോകത്തിനും ഒരു സമാധാനത്തിന്റെ ദിനമാണ് നൽകിയതെന്ന് ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ പ്രസ്താവിച്ചു. ചരിത്രപരമായ ഈ നീക്കം മേഖലയിലെ ജനങ്ങൾക്ക് സുരക്ഷയുടെയും സ്ഥിരതയുടെയും പുതിയ വാതായനങ്ങൾ തുറക്കുമെന്നും അദ്ദേഹം പറഞ്ഞു. മിഡിൽ ഈസ്റ്റിലെ സമാധാനത്തെ പിന്തുണക്കുന്നതിൽ യു. എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് നടത്തിയ ശ്രമങ്ങൾക്കും മുൻകൈകൾക്കും ഈ ചരിത്രപരമായ കരാർ ഉറപ്പാക്കുന്നതിൽ അദ്ദേഹം വഹിച്ച നേരിട്ടുള്ള പങ്കിനും രാജാവ് നന്ദി അറിയിച്ചു.