Fincat

ഒമാന് പിന്നാലെ യുഎഇയിലും യുറാനസ് കുപ്പിവെള്ളത്തിന് നിരോധനം

ഒമാന് പിന്നാലെ യുറാനസ് സ്റ്റാര്‍ കുപ്പിവെളളത്തിന് യുഎഇയിലും നിരോധനം. യുറാനസ് സ്റ്റാര്‍ എന്ന ബ്രാന്റില്‍ വില്‍പ്പന നടത്തിയിരുന്ന കുപ്പിവെള്ളം കുടിച്ച് ഒമാനില്‍ രണ്ട് സ്ത്രീകള്‍ മരിച്ച സാഹചര്യത്തിലാണ് നടപടി. യുറാനസ് സ്റ്റാര്‍’ എന്ന ബ്രാന്റിലുള്ള കുപ്പിവെളളം വില്‍പ്പന നടത്തുന്നതിനോ ഇറക്കുമതി ചെയ്യുന്നതിനോ യുഎഇയില്‍ അനുമതിയില്ലെന്ന് കാലാവസ്ഥാ വ്യതിയാന പരിസ്ഥിതി മന്ത്രാലയം വ്യക്തമാക്കി. ഇതേ ബ്രാന്റിലുളള അനുബന്ധ ഉല്‍പ്പന്നങ്ങള്‍ക്കും രാജ്യത്ത് അനുമതി നല്‍കിയിട്ടില്ല.

രാജ്യത്തെ പ്രധാന റീട്ടെയില്‍ ഔട്ട്ലെറ്റുകളില്‍ ഈ ഉല്‍പ്പന്നങ്ങള്‍ കണ്ടെത്തിയിട്ടില്ലെന്നും മന്ത്രാലയം അറിയിച്ചു. ഇറാനില്‍ നിന്നുള്ള ‘യുറാനസ് സ്റ്റാര്‍’ കുപ്പിവെള്ളം കുടിച്ച് ഒമാനില്‍ രണ്ട് പേര്‍ അടുത്തിടെ മരിച്ചതിന് പിന്നാലെയാണ് നടപടി. സെപ്റ്റംബര്‍ 29 ന് ഒരു പ്രവാസി സ്ത്രീ ആണ് ആദ്യം മരിച്ചത്. പിന്നാലെ ഒമാന്‍ സ്വദേശിയായ വനിതയും മരിച്ചിരുന്നു.

സാമ്പിളുകളുടെ ലബോറട്ടറി പരിശോധനയില്‍ ‘യുറാനസ് സ്റ്റാറില്‍’ ‘ആംഫെറ്റാമൈന്‍’ അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തി. ഇത് ഉല്‍പ്പന്നത്തിന്റെ ചില പാക്കേജുകളില്‍ മനപൂര്‍വ്വം ചേര്‍ത്തതാണെന്നും അന്വേഷണത്തില്‍ വ്യക്തമായിരുന്നു. ഇതിന് പിന്നാലെ യുറാനസ് ബ്രാന്റ് കുപ്പിവെള്ളങ്ങള്‍ വിപണികളില്‍ നിന്ന് പൂര്‍ണമായും പിന്‍വലിക്കാന്‍ റോയൽ ഒമാന്‍ പൊലീസ് ഉത്തരവിട്ടിരുന്നു. ഇറാനില്‍ നിന്നുള്ള എല്ലാ കുപ്പിവെള്ളത്തിന്റെയും ഇറക്കുമതിക്കും ഒമാന്‍ നിരോധനം ഏര്‍പ്പെടുത്തുകയും ചെയ്തു.