അമിത വേഗതയും ഹോണും; ബസുകളുടെ പെർമിറ്റ് റദ്ദാക്കാൻ ഗതാഗത മന്ത്രിയുടെ നിര്‍ദേശം, നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്
കൊച്ചി: ഉദ്ഘാടനപരിപാടിക്കിടെ ഹോൺ മുഴക്കി അമിത വേഗത്തിലെത്തിയ ബസുകൾക്കെതിരെ നടപടിക്ക് നിർദേശിച്ച് ഗതാഗതവകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ. കോതമംഗലം കെഎസ്ആർടിസി ബസ് ടെർമിനൽ ഉദ്ഘാടനച്ചടങ്ങിനിടെയായിരുന്നു സംഭവം. മന്ത്രി വേദിയിലിരിക്കെ ഹോൺ മുഴക്കി വേഗത്തിൽ എത്തിയ പ്രൈവറ്റ് ബസുകൾ പിടിച്ചെടുക്കാനും പെർമിറ്റ് റദ്ദാക്കാനുമായിരുന്നു മന്ത്രിയുടെ നിർദേശം. ഉദ്ഘാടന പരിപാടിക്കിടെ നടപടി പ്രഖ്യാപിക്കുകയായിരുന്നു മന്ത്രി. അയിഷാസ്, സെന്‍റ് മേരീസ് എന്നീ ബസുകൾക്കെതിരെയാണ് നടപടി സ്വീകരിച്ചത്. ഡ്രൈവർമാരുടെ ലൈസൻസ് സസ്പെൻഡ് ചെയ്യുമെന്നും തുടർനടപടികൾ ഉണ്ടാകുമെന്നും മോട്ടോർ വാഹന വകുപ്പ് വ്യക്തമാക്കി.
വെള്ളാപ്പള്ളിയുടെ രാജി പരാമർശത്തിൽ പരിഹാസവുമായി ഗണേഷ് കുമാർ
എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ്റെ രാജി പരാമർശത്തിൽ പരിഹാസവുമായി കെ ബി ഗണേഷ് കുമാർ രംഗത്തെത്തി. ഈ പറഞ്ഞയാൾക്ക് പണ്ട് മുതലേ എന്നോട് പ്രത്യേക സ്നേഹമാണ്. എന്റെ പേരിൽ രണ്ട് ദൈവങ്ങളുണ്ട്. പറയും തോറും പുണ്യം കിട്ടുമെന്ന് ഗണേഷ് കുമാർ പരിഹസിച്ചു. മന്ത്രി വാസവൻ രാജി വയ്ക്കേണ്ട ആവശ്യമില്ലെന്നും ഗണേഷ് കുമാർ കൂട്ടിച്ചേര്‍ത്തു. ശബരിമലയിൽ മാത്രമല്ല കേരളത്തിൽ എല്ലാ ക്ഷേത്രങ്ങളിലും മോഷണം നടക്കുന്നുണ്ടെന്നും ദേവസ്വം മന്ത്രി ഈഴവനാണെന്നും അതുകൊണ്ട് വളരാൻ സമ്മതിക്കുന്നില്ലെന്നുമായിരുന്നു വെള്ളാപ്പള്ളി നടേശൻ്റെ പരാമര്‍ശം. ദേവസ്വം മന്ത്രി ഈഴവനാണ്. അതുകൊണ്ട് വളരാൻ അനുവദിക്കുന്നില്ല. വേറെയും മന്ത്രിമാരില്ലേ? ഗണേഷ് കുമാർ രാജിവെക്കണമെന്ന് എന്തുകൊണ്ട് പറയുന്നില്ല. വാസവനും മുഖ്യമന്ത്രിയും മാത്രം രാജിവെക്കണമെന്ന് പറയുന്നത് എന്തുകൊണ്ട് എന്നായിരുന്നു വെള്ളാപ്പള്ളിയുടെ ചോദ്യം. ശബരിമല സ്വർണപ്പാളി വിവാദവുമായി ബന്ധപ്പെട്ടായിരുന്നു വെള്ളാപ്പള്ളി നടേശന്റെ പ്രതികരണം.