Fincat

ഗാസ സമാധാന പ്രഖ്യാപനത്തിനായി ഈജിപ്തിലേക്ക് പോകവെ അപകടം; മൂന്ന് ഖത്തര്‍ നയതന്ത്രജ്ഞര്‍ മരിച്ചു


കയ്റോ: ഗാസ സമാധാന പ്രഖ്യാപനത്തിനായി ഈജിപ്തിലേക്ക് തിരിച്ച ഖത്തർ നയതന്ത്രജ്ഞർ വാഹനാപകടത്തില്‍ മരിച്ചു. ഷാം എല്‍-ഷൈഖില്‍ എത്തുന്നതിന് അൻപത് കിലോ മീറ്റർ അകലെ വെച്ചാണ് അപകടമുണ്ടായത്.അപകടത്തില്‍ രണ്ടുപേർക്ക് പരിക്കേറ്റു. ഖത്തർ പ്രോട്ടോക്കോള്‍ ടീമില്‍ നിന്നുള്ളവരായിരുന്നു നയതന്ത്രജ്ഞർ.

ഗാസയില്‍ ഇസ്രയേലും ഹമാസും തമ്മിലുള്ള യുദ്ധത്തിന്റെ വെടിനിർത്തല്‍ കരാറിന് അന്തിമരൂപം നല്‍കാനുള്ള ഉച്ചകോടിക്ക് മുന്നോടിയായുള്ള യാത്രയിലായിരുന്നു ഇവരെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ഗാസയിലെ യുദ്ധം അവസാനിപ്പിക്കാനുള്ള അന്താരാഷ്ട്ര സമാധാന ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കാനുള്ള ഒരുക്കത്തിലാണ് ഷാം എല്‍-ഷൈഖ്. ഇതിനിടെയാണ് അപകട വാർത്ത വരുന്നത്.

അതേസമയം, ഗാസ സമാധാന പ്രഖ്യാപനത്തിനായി ട്രംപ് മധ്യേഷ്യയിലേക്ക് തിരിച്ചു. ഈജിപ്തും ഇസ്രയേലും സന്ദർശിക്കും.
ഇസ്രയേല്‍ പാർലമെന്റില്‍ ട്രംപ് സംസാരിക്കും. ബന്ദികളുടെ കൈമാറ്റം എപ്പോള്‍, എങ്ങനെ എന്നതില്‍ ഇന്ന് തീരുമാനമാകും.ഗാസയിലേക്ക് സഹായവുമായി ട്രക്കുകള്‍ എത്തിത്തുടങ്ങിയിട്ടുണ്ട്.

ഏറെ അനിശ്ചിതത്വങ്ങള്‍ക്ക് ശേഷമാണ് ഹമാസും ഇസ്രയേലും ഗാസയിലെ സമാധാന പദ്ധതി അംഗീകരിച്ചത്. മണിക്കൂറുകള്‍ നീണ്ട ചർച്ചയ്ക്ക് ശേഷമാണ് ഇസ്രയേല്‍ മന്ത്രിസഭ പദ്ധതിയുടെ ആദ്യഘട്ടത്തിന് അംഗീകാരം നല്‍കിയത്. ഇക്കാര്യം ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഔദ്യോഗികമായി അറിയിക്കുകയായിരുന്നു. പിന്നാലെയാണ് വെടിനിർത്തല്‍ നിലവില്‍ വന്നത്.

24 മണിക്കൂറിനുള്ളില്‍ എല്ലാ ആക്രമണങ്ങളും നിർത്താനുള്ള കരാറിനാണ് മന്ത്രിസഭ അംഗീകാരം നല്‍കിയത്. കൂടാതെ 72 മണിക്കൂറിനകം ഹമാസ് ബന്ദികളാക്കിയ ഇസ്രയേലുകാരെയും ഇസ്രയേല്‍ തടവറയില്‍ കഴിയുന്ന പലസ്തീനികളേയും മോചിപ്പിക്കണമെന്ന് കരാറില്‍ വ്യവസ്ഥയുണ്ട്.