ബാഗേജിൽനിന്നു ഫോൺ കവർന്ന സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.

കരിപ്പൂർ∙ കോഴിക്കോട് വിമാനത്താവളത്തിലെത്തിയ യാത്രക്കാരന്റെ വിലപിടിപ്പുള്ള മൊബൈൽ ഫോൺ, വാച്ച് എന്നിവ റജിസ്റ്റേഡ് ബാഗേജിൽനിന്നു കവർന്ന സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. ഞായറാഴ്ച രാത്രി റിയാദിൽനിന്ന് എത്തിയ അരീക്കോട് വെള്ളേരി സ്വദേശിയാണ് മൊബൈൽ ഫോൺ, വാച്ച് എന്നിവ കാണാതായതായി പരാതി നൽകിയത്.

 

ഇന്നലെ കരിപ്പൂർ എഎസ്ഐ വി.പത്മനാഭന്റെ നേതൃത്വത്തിൽ സിസിടിവി ദൃശ്യങ്ങളും വിമാനത്താവളത്തിന്റെ ആഗമന ഹാളും പരിശോധിച്ചു. രാവിലെ മുതൽ വൈകിട്ടു വരെ നടത്തിയ പരിശോധനയിൽ, ബാഗ് കൺവെയർ ബെൽറ്റിലൂടെ കടന്നുപോകുമ്പോൾ മൊബൈൽ ഫോണിന്റെ കവർ ഒരാൾ സമീപത്തേക്കു മാറ്റിയിടുന്ന ദൃശ്യം കാണുന്നുണ്ട്.

 

എന്നാൽ, ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത വരുത്തേണ്ടതുണ്ടെന്നു പൊലീസ് അറിയിച്ചു. റജിസ്റ്റർ ചെയ്ത് അയച്ച ഹാൻഡ് ബാഗിൽനിന്നാണു കവർച്ച. അതേസമയം, കൈവശം വയ്ക്കുന്ന ഹാൻഡ് ബാഗിൽ അല്ലാതെ, റജിസ്റ്റേഡ് ഹാൻഡ് ബാഗിൽ വിലപിടിപ്പുള്ള വസ്തുക്കൾ അയയ്ക്കരുതെന്നു നിർദേശമുണ്ടെന്ന് വിമാനത്താവള അധികൃതർ പറഞ്ഞു. അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.