Fincat

ഇഡാഹോയിൽ ഖത്തറിന് വ്യോമസേന കേന്ദ്രം നിർമ്മിക്കാൻ അനുമതി നൽകുമെന്ന് യുഎസ്

ദോഹ: എഫ്-15 യുദ്ധവിമാനങ്ങളും പൈലറ്റുമാരും ഉൾക്കൊള്ളുന്ന ഒരു വ്യോമസേനാ കേന്ദ്രം ഇഡാഹോയിലെ മൗണ്ടൻ ഹോം എയർ ബേസിൽ നിർമ്മിക്കാൻ ഖത്തറിന് അനുമതി നൽകുമെന്ന് പ്രഖ്യാപിച്ച്‌ യു.എസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത്. വെള്ളിയാഴ്ച പെന്റഗണിൽ, ഹെഗ്‌സെത്തും ഖത്തർ ഉപപ്രധാനമന്ത്രിയും പ്രതിരോധകാര്യ സഹമന്ത്രിയുമായ ശെയ്ഖ് സൗദ് ബിൻ അബ്ദുൾറഹ്മാൻ ബിൻ ഹസ്സൻ ബിൻ അലി അൽ താനിയും തമ്മിൽ നടന്ന കൂടിക്കാഴ്ചയിലായിരുന്നു പ്രഖ്യാപനം.

ദോഹയിലെ ഹമാസ് നേതാക്കളെ ലക്ഷ്യമിട്ടുള്ള ഇസ്രായേൽ വ്യോമാക്രമണങ്ങളെത്തുടർന്ന്, ആക്രമണങ്ങളിൽ നിന്ന് ഗൾഫ് അറബ് രാജ്യത്തെ പ്രതിരോധിക്കുമെന്ന് പ്രതിജ്ഞയെടുക്കുന്ന എക്സിക്യൂട്ടീവ് ഉത്തരവിൽ യുഎസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് ഒപ്പുവെച്ചതിന് തൊട്ടുപിന്നാലെയാണ് ഈ പ്രഖ്യാപനം.

സംയോജിത പരിശീലനം വർദ്ധിപ്പിക്കുന്നതിനും, പരസ്പര പ്രവർത്തനക്ഷമത വർദ്ധിപ്പിക്കുന്നതിനും, ഖത്തരി എഫ് -15 യുദ്ധവിമാനങ്ങളുടെയും പൈലറ്റുമാരുടെയും ഒരു സംഘത്തെ ഇഡാഹോയിലെ യു.എസ് വ്യോമസേനാ താവളത്തിൽ ആതിഥേയത്വം വഹിക്കുമെന്നും, ഇതിനായുള്ള കരാറിൽ ഇരുരാജ്യങ്ങളും ഒപ്പുവെച്ചതായും യു.എസ് പ്രതിരോധ സെക്രട്ടറി പറഞ്ഞു.