Fincat

സഞ്ചാരികളെ ആകർഷിക്കാൻ ഒമാൻ; മുസന്ദം വിന്റർ സീസണിന് അടുത്ത മാസം തുടക്കം

ഒമാനില്‍ മുസന്ദം വിന്റര്‍ സീസണിന് അടുത്ത മാസം തുടക്കമാകും. കൂടുതല്‍ സഞ്ചാരികളെ ആകര്‍ഷിക്കുന്നതിനായി ഇത്തവണ വിപുലമായ പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. ടൂറിസം മന്ത്രി സലിം മുഹമ്മദ് അല്‍ മഹ്റൂഖിയാണ് പുതിയ സീസണ്‍ പ്രഖ്യാപിച്ചത്. ആറ് മാസക്കാലം നീണ്ടുനില്‍ക്കുന്നതാണ് മുസന്ദം വിന്റര്‍ സീസണ്‍.

ആകര്‍ഷകമായ കലാപരിപാടികള്‍ ആസ്വദിക്കുന്നതിനൊപ്പം ഒമാന്റെ വടക്കേ ഉപദ്വീപായ ഖസബിന്റെ തനതായ സൗന്ദര്യവും സംസ്‌കാരവും അനുഭവിക്കാനും സഞ്ചാരികള്‍ക്ക് കഴിയും. പൊതു-സ്വകാര്യ മേഖലകളുടെ സഹകരണത്തോടെയാണ് വിന്റര്‍ സീസണ്‍ സംഘടിപ്പിക്കുന്നത്. ഗവര്‍ണറേറ്റിലെ നാല് വിലായത്തുകള്‍ക്ക് പുറമെ ലിമയിലെ നിയാബത്ത്, കുംസാര്‍ ഗ്രാമം എന്നിവിടങ്ങളിലും വൈവിധ്യമാര്‍ന്ന കലാപരിപാടികള്‍ ഒരുക്കും.

പ്രാദേശിക, ആഗോള വിനോദസഞ്ചാര ഭൂപടത്തില്‍ മുസന്ദത്തിന്റെ സ്ഥാനം ഉയര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ സീസണ്‍ ആസൂത്രണം ചെയ്തിരിക്കുന്നതെന്ന് സംഘാടകര്‍ അറിയിച്ചു. സീസണ്‍ ആരംഭിക്കുന്നതോടെ ക്രൂയിസ് കപ്പലുകള്‍ വഴിയുള്ള സന്ദര്‍ശകരുടെ പ്രവാഹവും വര്‍ദ്ധിക്കുമെന്നാണ് പ്രതീക്ഷ.

ഏപ്രില്‍ അവസാനം വരെ നീണ്ടുനില്‍ക്കുന്നതാണ് ഒമാനിലെ ക്രൂയിസ് കപ്പല്‍ സീസണ്‍. സുല്‍ത്താന്‍ ഖാബൂസ് പോര്‍ട്ട്, സലാല തുറമുഖം, ഖസബ് തുറമുഖം എന്നിവിടങ്ങളില്‍ നിരവധി ക്രൂയിസുകളാണ് ഈ കാലയളവില്‍ എത്താറുള്ളത്. ഇത്തവണത്തെ മുസന്ദം സീസണ്‍ മുന്‍ വര്‍ഷത്തെക്കാള്‍ വിപുലമാക്കാനുള്ള ഒരുക്കത്തിലാണ് സംഘാടകര്‍.