ഷാർജയിലെ എല്ലാ താമസക്കാരും പുതിയ സെന്‍സസില്‍ പങ്കുചേരണം; ആവശ്യവുമായി യുഎഇ ഭരണകൂടം
ഷാര്‍ജയിലെ എല്ലാ താമസക്കാരും ഈ വര്‍ഷത്തെ പുതിയ സെന്‍സസില്‍ പങ്കുചേരണമെന്ന് യുഎഇ സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ഷെയ്ഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി. ഈ മാസം 15 മുതല്‍ ഡിസംബര്‍ 31 വരെയാണ് സെന്‍സസ് നടക്കുക.
എമിറേറ്റിലെ ഭാവി വികസന പദ്ധതികള്‍ക്ക് രൂപം നല്‍കാനും എല്ലാവരുടെയും ജീവിത നിലവാരം മെച്ചപ്പെടുത്താനും സഹായിക്കുന്ന കൃത്യമായ വിവരങ്ങള്‍ ശേഖരിക്കാനാണ് സെന്‍സസ് ലക്ഷ്യമിടുന്നതെന്ന് ഷെയ്ഖ് ഡോ. സുല്‍ത്താന്‍ പറഞ്ഞു.
ഷാര്‍ജയില്‍ വിവരങ്ങള്‍ സമര്‍പ്പിക്കുന്ന ഓരോ വ്യക്തിയും ഈ സെന്‍സസിലൂടെ തന്നോട് നേരിട്ട് സംസാരിക്കുകയാണ്. ശേഖരിക്കുന്ന എല്ലാ വിവരങ്ങളും അതീവ രഹസ്യമായി സൂക്ഷിക്കും. ഈ പ്രക്രിയയിലൂടെ താമസക്കാരെക്കുറിച്ചുള്ള ചെറിയ കാര്യങ്ങള്‍ പോലും മനസിലാക്കാന്‍ കഴിയും. അതിലൂടെ അര്‍ത്ഥവത്തായ സഹായം നല്‍കാനും സാധിക്കുമെന്നും ഷാര്‍ജ ഭരണാധികാരി പറഞ്ഞു.