Fincat

‘കോൺ​ഗ്രസിൽ സ്ഥാനമാനങ്ങളും നേതാക്കളുമല്ല, പാര്‍ട്ടിയാണ് വലുത്’: വി ഡി സതീശൻ

കോൺ​ഗ്രസിൽ സ്ഥാനമാനങ്ങളും നേതാക്കളുമല്ല പാര്‍ട്ടിയാണ് വലുതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. സ്ഥാനങ്ങള്‍ക്ക് കടിപിടി കൂടാതെ എതിരാളികള്‍ക്ക് ചുട്ട മറുപടി നല്‍കും. 100ൽ അധികം സീറ്റുമായി യുഡിഎഫ് അധികാരത്തില്‍ വരുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. അജ്മാനില്‍ ഇന്‍കാസ് യുഎഇ സെന്‍ട്രല്‍ കമ്മിറ്റി സംഘടിപ്പിച്ച ഓണാഘോഷ പരിപാടി ഉദ്ഘാടനം ചെയത് സംസാരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് ഉള്‍പ്പെടെയുള്ള നേതാക്കളും പരിപാടിയില്‍ പങ്കെടുത്തു.

അജ്മാന്‍ ഇന്ത്യന്‍ അസോസിയേഷന്‍ ഹാളാണ് ഓണാഘോഷത്തിന് വേദിയായത്. യുഡിഎഫ് നേതൃനിരയിലെ പ്രമുഖര്‍ അണിനിരന്ന പരിപാടി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ഉദ്ഘാടനം ചെയ്തു. കേരളത്തില്‍ യുഡിഎഫ് ഒരു മഹായുദ്ധത്തിന് പുറപ്പെടുകയാണെന്നും ഈ യുദ്ധം ജയിച്ചേ മതിയാകുവെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. കൂട്ടായ നേതൃത്വമാണ് ഇപ്പോള്‍ യുഡിഎഫിനുള്ളതെന്നും പാര്‍ട്ടിയാണ് എല്ലാത്തിനും മുകളിലെന്നും വിഡി സതീശന്‍ അഭിപ്രായപ്പെട്ടു.

ഇന്‍കാസ് യുഎഇയുടെ 2026-ലെ ഓണാഘോഷം ഉദ്ഘാടനം ചെയ്യുക യുഡിഎഫിന്റെ മുഖ്യമന്ത്രിയായിരിക്കുമെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് പറഞ്ഞു. മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങള്‍, ഹൈബി ഈഡന്‍ എം.പി, അന്‍വര്‍ സാദത്ത് എംഎല്‍എ, മോന്‍സ് ജോസഫ് എന്നിവര്‍ക്ക് പുറമെ ഇന്‍കാസ് ഭാരവാഹികളും പരിപാടിയുടെ ഭാഗമായി.

രാവിലെ ആരംഭിച്ച ആഘോഷ പരിപാടിയുടെ ഭാഗമായി അത്തപ്പൂക്കള മത്സരവും തിരുവാതിരയും അരങ്ങേറി. നാലായിരം പേര്‍ക്ക് വിഭവ സമൃദ്ധമായ സദ്യയും ഒരുക്കിയിരുന്നു. ഏഴ് എമിറേറ്റുകളിലെ ഇന്‍കാസ് പ്രവര്‍ത്തകര്‍ അണിനിരന്ന ഘോഷയാത്രയും ആഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടി.