Fincat

ഈജിപ്തില്‍ ഇന്ന് സമാധാന ഉച്ചകോടി; ഗാസ യുദ്ധം അവസാനിച്ചെന്ന് പ്രഖ്യാപിച്ച്‌ ട്രംപ്


വാഷിംഗ്ടണ്‍: രണ്ട് വര്‍ഷം നീണ്ടുനില്‍ക്കുന്ന ഗാസയ്‌ക്കെതിരായ ഇസ്രയേല്‍ അധിനിവേശത്തില്‍ ഇന്ന് നിര്‍ണായക തീരുമാനമുണ്ടാകും.ഇന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നേതൃത്വത്തില്‍ ഈജിപ്തില്‍ സമാധാന ഉച്ചകോടി നടക്കും. ഈജിപ്തിലേക്ക് പുറപ്പെടുന്നതിന് മുന്നോടിയായി മാധ്യമങ്ങളെ കാണുന്നതിനിടെ ഗാസ യുദ്ധം അവാസാനിച്ചതായി ട്രംപ് പ്രഖ്യാപിച്ചു.

ഈജിപ്തിലേക്കുള്ള യാത്രയ്ക്ക് മുന്നോടിയായി ട്രംപ് ഇസ്രയേലിലാകും ആദ്യം എത്തുക. ഇതിന് ശേഷമായിരിക്കും ഈജിപ്തിലേക്ക് തിരിക്കുക. ഇന്നത്തെ ദിവസം ഏറെ പ്രാധാന്യം നിറഞ്ഞതാണെന്ന് ട്രംപ് പറഞ്ഞു. ഈജിപ്തില്‍ നടക്കുന്ന സമാധാന ചര്‍ച്ചയെ എല്ലാവരും ആവേശത്തോടെ ഉറ്റുനോക്കുകയാണ്. വെടിനിര്‍ത്തല്‍ പ്രാബല്യത്തിലാകും. ആളുകള്‍ തളര്‍ന്നതായാണ് മനസിലാക്കുന്നത്. ഇസ്രയേല്‍ ബന്ധികളെ വിട്ടയക്കുമ്ബോള്‍ താന്‍ അവിടെ ഉണ്ടാകുമെന്ന് ഇപ്പോള്‍ പറയാന്‍ കഴിയില്ല. വിചാരിച്ചതിലും നേരത്തെ ബന്ദികളെ മോചിപ്പിക്കാന്‍ കഴിയുമെന്നാണ് കരുതുന്നതെന്നും ട്രംപ് പറഞ്ഞു. സമാധാന ചര്‍ച്ചയില്‍ പങ്കെടുക്കാനുള്ള ട്രംപിന്റെ യാത്രയില്‍ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ, ഡിഫന്‍സ് സെക്രട്ടറി പീറ്റ് ഹഗ്‌സെത്ത്, സിഐഎ ചീഫ് ജോണ്‍ റാറ്റ്ക്ലിഫ്, യുഎസ് സൈനിക ഉദ്യോഗസ്ഥന്‍ ഡാന്‍ കൈനും അനുഗമിക്കുന്നുണ്ട്.

ഈജിപ്തിലെ ഷര്‍മ് അല്‍ ഷേഖിലാണ് നിര്‍ണായക ഉച്ചകോടി നടക്കുന്നത്. ട്രംപും ഈജിപ്ത് പ്രസിഡന്റ് ആബ്ദെല്‍ ഫത്ത അല്‍ സിസിയുമാണ് സമാധാന ചര്‍ച്ചകള്‍ക്ക് അധ്യക്ഷത വഹിക്കുന്നത്. ഗാസ മുനമ്ബിലെ യുദ്ധം അവസാനിപ്പിക്കുകയെന്നതാണ ഉച്ചകോടിയുടെ പ്രധാന ക്ഷ്യം. കൂടാതെ പശ്ചിമേഷ്യയില്‍ സമാധാനവും സ്ഥിരതയും കൈവരിക്കാനുള്ള ശ്രമങ്ങള്‍ വര്‍ധിപ്പിക്കുക, പ്രാദേശിക സുരക്ഷയുടെയും സ്ഥിരതയുടെയും പുതിയ യുഗത്തിന് തുടക്കം കുറിക്കുക എന്നിവയും ചര്‍ച്ചയാകും. ഇസ്രയേല്‍ ഗാസയില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കുകയും ഭാഗികമായി സൈന്യത്തെ പിന്‍വലിക്കുകയും ചെയ്തതിന് ശേഷമുള്ള ആദ്യത്തെ യോഗമാണ് നടക്കാനിരിക്കുന്നത്. ഉച്ചകോടിയില്‍ ഇരുപതോളം രാജ്യങ്ങളില്‍നിന്നുള്ള നേതാക്കള്‍ പങ്കെടുക്കുമെന്നാണ് സൂചന. ഇന്ന് ഉച്ചതിരിഞ്ഞാണ് ഉച്ചകോടി നടക്കുക. ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ട്രംപ് ക്ഷണിച്ചതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ട്രംപ് ഉച്ചകോടിയില്‍ പങ്കെടുക്കില്ലെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു.