റിട്ടയേർഡ് സ്കൂൾ അധ്യാപകൻ തെങ്ങിൽ നിന്ന് വീണ് മരിച്ചു
റിട്ടയേർഡ് സ്കൂൾ അധ്യാപകൻ തെങ്ങിൽ നിന്ന് വീണ് മരിച്ചു. പാലക്കാട് കല്ലടി ഹയർസെക്കൻഡറി സ്കൂളിലെ മുൻ അധ്യാപകൻ കുമരംപുത്തൂർ ശ്രേയസ് വീട്ടിൽ എം.ആർ.ഭാസ്കരൻ നായരാണ് മരിച്ചത്. ഇന്ന് രാവിലെയാണ് സംഭവം നടന്നത്. തെങ്ങിൽ കയറിയപ്പോൾ തലകറങ്ങി താഴെ വീണുവെന്നാണ് വിവരം.
ഇന്ന് രാവിലെയാണ് ഇദ്ദേഹം തേങ്ങയിടാനായി തെങ്ങിൽ കയറിയത്. ഒരു തെങ്ങിൽ നിന്ന് ഇറങ്ങി മറ്റൊന്നിലേക്ക് കയറുന്നതിനിടെ തലകറങ്ങി നീഴെ വീണുവെന്നാണ് ലഭിക്കുന്ന വിവരം. ഈ സമയത്ത് ഓടിയെത്തിയ നാട്ടുകാർ ചേർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പത്ത് വർഷം മുൻപാണ് ഭാസ്കരൻ നായർ സർവീസിൽ നിന്ന് വിരമിച്ചത്. ശേഷം സാധ്യമായ എല്ലാ ജോലികളും ഇദ്ദേഹം ചെയ്യാറുണ്ട്. പെയിൻ്റിങ്, കൃഷി, തെങ്ങുകയറ്റം, ഡ്രൈവിങ് തുടങ്ങിയ ജോലികൾ ചെയ്താണ് ഇദ്ദേഹം തൻ്റെ അധ്യാപന ജീവിതത്തിന് ശേഷമുള്ള കാലത്ത് മുന്നോട്ട് പോയത്. ഇതിനിടെയാണ് അപകടത്തിലൂടെ മരണം സംഭവിച്ചത്. മൃതദേഹം പോസ്റ്റ്മോർട്ടം അടക്കം നിയമപരമായ നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കുമെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി.