ഇന്ന് കൂപ്പുകുത്തി ഓഹരിവിപണി; രൂപയ്ക്കും നഷ്ടം
കുതിച്ചുകയറി ഓഹരിവിപണി ഇന്ന് വീണ്ടും കൂപ്പുകുത്തി. 350 പോയിന്റ് ആണ് വ്യാപാരത്തിന്റെ തുടക്കത്തില്‍ സെന്‍സെക്സ് ഇടിഞ്ഞത്. സമാനമായ ഇടിവ് നിഫ്റ്റിയിലും പ്രത്യക്ഷപ്പെട്ടു. 25,200 എന്ന സൈക്കോളജിക്കല്‍ ലെവലിനും താഴെയാണ് നിഫ്റ്റി.
ചൈനയ്ക്കു മേല്‍ 100 ശതമാനം ഇറക്കുമതി തീരുവ ചുമത്തിയ ട്രംപിന്റെ നടപടിയാണ് ആഗോള വിപണിയില്‍ പ്രതിഫലിച്ചത്. നവംബര്‍ 1 മുതല്‍ എല്ലാ ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്കും 100 ശതമാനം തീരുവ ഏര്‍പ്പെടുത്തുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. സെമികണ്ടക്ടറുകള്‍, യുദ്ധവിമാനങ്ങള്‍, മറ്റ് ആധുനിക സാങ്കേതിക വിദ്യകളില്‍ ഉപയോഗിക്കുന്ന റെയര്‍ ഏര്‍ത്ത് ധാതുക്കളില്‍ ബീജിങ് പുതിയ കയറ്റുമതി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്നാണ് ഈ നീക്കം.
അതുകൊണ്ടു തന്നെ ഐടി, മെറ്റല്‍, റിയല്‍റ്റി, കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ് ഓഹരികളാണ് പ്രധാനമായി നഷ്ടം നേരിടുന്നത്. അതേസമയം ഇന്ന് ഓട്ടോ ഓഹരികള്‍ നേട്ടത്തോടെ മുന്നേറുകയാണ് വിപ്രോ, ടാറ്റ മോട്ടോഴ്സ്, ഒഎന്‍ജിസി, ഡോ. റെഡ്ഡീസ് ലാബ് ഓഹരികളാണ് പ്രധാനമായി നഷ്ടം നേരിടുന്നത്. ബജാജ് ഓട്ടോ, ഭാരതി എയര്‍ടെല്‍, എസ്ബിഐ ലൈഫ് ഇന്‍ഷുറന്‍സ് ഓഹരികള്‍ നേട്ടത്തിലാണ്.
ഡോളറിനെതിരെ രൂപയും നഷ്ടത്തിലാണ്. വ്യാപാരത്തിന്റെ തുടക്കത്തില്‍ ഏഴു പൈസയുടെ നഷ്ടത്തോടെ 88.76 എന്ന നിലയിലാണ് രൂപയുടെ വ്യാപാരം നടക്കുന്നത്.
സ്വര്‍ണവിലയില്‍ ഇന്നും കുത്തനെ വര്‍ധനവ് രേഖപ്പെടുത്തി. 40 രൂപ വര്‍ധിച്ച് ഒരു പവന് സ്വര്‍ണത്തിന് 91,960 രൂപയായി. ഒരു ഗ്രാം സ്വര്‍ണം ലഭിക്കാന്‍ 11,495 രൂപ നല്‍കണം. ഇന്ന് സ്വര്‍ണം വാങ്ങുന്നവര്‍ക്ക് പണിക്കൂലി സഹിതം ഒരു ലക്ഷം രൂപയിലധികം മുടക്കേണ്ടി വരും.