നിയമലംഘകർക്കെതിരെ നടപടി ശക്തമാക്കി സൗദി; ഒരാഴ്ചയ്ക്കിടെ 21,000-ത്തിലധികം പ്രവാസികൾ അറസ്റ്റിൽ
സൗദി അറേബ്യയില്‍ നിയമലംഘകര്‍ക്കെതിരെ നടപടി ശക്തമാക്കി ആഭ്യന്തര മന്ത്രാലയം. ഒരാഴ്ചയ്ക്കിടെ മാത്രം 21,000-ത്തിലധികം പ്രവാസികള്‍ അറസ്റ്റിലായി. ഈ മാസം രണ്ടു മുതല്‍ എട്ടു വരെയുള്ള ദിവസങ്ങളില്‍ നടത്തിയ പരിശോധനയിലാണ് പ്രവാസികളെ അറസറ്റ് ചെയ്തത്. ഇതില്‍ 12,439 പേര്‍ മതിയായ താമസ രേഖകള്‍ ഇല്ലാതെ രാജ്യത്ത് കഴിഞ്ഞു വന്നവരായിരുന്നു.
4,650 നുഴഞ്ഞുകയറ്റക്കാരും 4,314 തൊഴില്‍ നിയമ ലംഘകരും പിടിയിലായി. 11,849 പ്രവാസികളെ നാടുകടത്തിയതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സൗദിയിലെ വിവിധ പ്രവിശ്യകളിലെ നാടുകടത്തല്‍ കേന്ദ്രങ്ങളില്‍ 31,344 നിയമലംഘകരാണ് ഇപ്പോഴുള്ളത്. ഇവരെ അതാത് രാജ്യത്തേക്ക് തിരിച്ചയക്കുന്നതിനായി എംബസികളുമായും കോണ്‍സുലേറ്റുകളുമായും സഹകരിച്ച് താല്‍ക്കാലിക യാത്രാ രേഖകള്‍ സംഘടിപ്പിക്കും.