Fincat

യുഎഇ നിവാസികൾക്ക് ആശ്വാസം; പാസ്പോർട്ട് സ്റ്റാമ്പിം​ഗ് നിർത്തലാക്കി യൂറോപ്യൻ യൂണിയൻ വിമാനത്താവളങ്ങൾ

യൂറോപ്യന്‍ യൂണിയനിലെ വിമാനത്താവളങ്ങളിലെയും അതിര്‍ത്തി ചെക്ക്പോസ്റ്റുകളിലെയും പാസ്പോര്‍ട്ട് സ്റ്റാമ്പിംഗ് നിര്‍ത്തലാക്കിയതോടെ യുഎഇ നിവാസികള്‍ക്ക് ഷെങ്കന്‍ വിസ നടപടികള്‍ കൂടുതല്‍ എളുപ്പമാകും. ബയോ മെട്രിക് സംവിധാനത്തിലൂടെ യാത്ര കൂടുതല്‍ എളുപ്പമാക്കുകയാണ് ലക്ഷ്യം.

യൂറോപ്യന്‍ യൂണിയനിലെ വിമാനത്താവളങ്ങളിലെയും അതിര്‍ത്തി ചെക്ക്പോസ്റ്റുകളിലെയും ബയോമെട്രിക് തിരിച്ചറിയല്‍ സംവിധാനം ഇന്നുമുതലാണ് പ്രാബല്യത്തില്‍ വന്നത്. ഇതോടെ, ഷെങ്കന്‍ രാജ്യങ്ങളിലേക്കുള്ള യാത്രക്കാര്‍ക്ക് ഇനിമുതല്‍ വിമാനത്താവളങ്ങളിലെ നീണ്ട ക്യൂവില്‍ കാത്ത് നില്‍ക്കേണ്ടി വരില്ല. വേഗത്തിലുള്ള പ്രവേശനവും പുറത്തുകടക്കലും ഇതിലൂടെ സാധ്യമാകും. പാസ്പോര്‍ട്ടില്‍ കൈകൊണ്ട് മുദ്ര പതിക്കുന്ന പഴയ രീതി ഡിജിറ്റല്‍ എന്‍ട്രി-എക്‌സിറ്റ് സിസ്റ്റം മാറ്റിസ്ഥാപിച്ചു. ഈ പഴയ രീതി സമയം കൂടുതല്‍ എടുക്കുന്നതും യാത്രക്കാര്‍ക്ക് അസൗകര്യങ്ങള്‍ ഉണ്ടാക്കുന്നതുമാണെന്ന് കണ്ടെത്തിയ സാഹചര്യത്തിലാണ് നടപടി.
യൂറോപ്യർ അല്ലാത്ത പൗരന്മാര്‍ക്കാണ് പുതിയ സംവിധാനം ബാധമാക്കിയിരിക്കുന്നത്. പരമാവധി 90 ദിവസത്തേക്ക് ഷെങ്കന്‍ മേഖല സന്ദര്‍ശിക്കുന്നവര്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക. പുതിയ സംവിധാനം നടപ്പിലാക്കുമ്പോള്‍ തുടക്കത്തില്‍ യാത്രക്കാര്‍ക്ക് ചെറിയ കാലതാമസം നേരിടേണ്ടി വരാന്‍ സാധ്യതയുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.
പാരിസ്, ഫ്രാങ്ക്ഫര്‍ട്ട്, ആംസ്റ്റര്‍ഡാം ഷിഫോള്‍ തുടങ്ങിയ തിരക്കേറിയ വിമാനത്താവളങ്ങളില്‍ ഇത് കൂടുതല്‍ അനുഭവപ്പെടാമെന്നാണ് ട്രാവല്‍ മേഖലയിലെ വിദഗ്ധര്‍ പറയുന്നത്. അതിനാല്‍ യാത്രക്കാര്‍ വിമാനത്താവളത്തില്‍ നേരത്തെ എത്തണമെന്നും അവര്‍ പറയുന്നു. ഷെങ്കന്‍ അതിര്‍ത്തി പോയിന്റുകളിലെല്ലാം ഈ സംവിധാനം ഘട്ടം ഘട്ടമായി നടപ്പിലാക്കും. 2026 ഏപ്രിലോടെ പൂര്‍ണ്ണമായി പ്രാവര്‍ത്തികമാക്കാനാണ് യൂറോപ്യന്‍ യൂണിയന്റെ ലക്ഷ്യം.