Fincat

മഞ്ചേരിയുടെ ചിരകാല സ്വപ്നം പൂവണിഞ്ഞു

മഞ്ചേരി ബസ് ബേ കം ഷോപ്പിംഗ് കോംപ്ലക്സ് നാടിന് സമര്‍പ്പിച്ചു.

മഞ്ചേരിയുടെ ഹൃദയ ഭാഗത്ത് ചരിത്ര സ്മരണങ്ങള്‍ ഉണര്‍ത്തി ആധുനിക രീതിയില്‍ പുനര്‍നിര്‍മിച്ച ബസ്സ് ബേ കം ഷോപ്പിങ് കോംപ്ലക്സ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ഉദ്ഘാടനം ചെയ്തു. മഞ്ചേരി സെന്‍ട്രല്‍ ജംഗ്ഷനില്‍ 9.5 കോടി രൂപ ചിലവിലാണ് ഷോപ്പിംഗ് കോംപ്ലക്സ് നിര്‍മ്മിച്ചത്. യു.എ. ലത്തീഫ് എം.എല്‍.എ അധ്യക്ഷത വഹിച്ചു. ഇത്തരത്തിലുള്ള വികസന പ്രവര്‍ത്തനങ്ങളാണ്് ആധികാരിക വികസനത്തിന് തുടക്കം കുറിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

പഴയ ബസ് സ്റ്റാന്‍ഡ് അപകടത്തിലാണെന്ന ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് 2023 ല്‍ കെട്ടിടം പൊളിക്കുകയും പുതിയ കെട്ടിടം നിര്‍മ്മിക്കാന്‍ തീരുമാനിക്കുകയും ചെയ്തത്. ഇപ്പോള്‍ 38167 ചതുര അടിയില്‍ മൂന്നു നിലകളിലായി ഗ്രൗണ്ട് ഫ്‌ളോറില്‍ 34 മുറികളും ഒന്ന്, രണ്ട് നിലകളില്‍ 30 മുറികളുമാണ് ഷോപ്പിംഗ് കോംപ്ലക്സില്‍ സജ്ജമാക്കിയിട്ടുള്ളത്. കെട്ടിടത്തിന്റെ മുന്‍ഭാഗത്തെ സ്ഥലം റോഡ് വീതികൂട്ടാന്‍ നഗരസഭ പൊതുമരാമത്ത് വകുപ്പിന് കൈമാറിയിട്ടുണ്ട്. ഡ്രെയിനേജ് മാറ്റി സ്ഥാപിക്കുന്നതോടെ മലപ്പുറം പാണ്ടിക്കാട് റോഡിന്റെ വീതി കൂടും. വ്യാപാരികളെ പുതിയ കെട്ടിടത്തിലേക്ക് പുനര്‍വിന്യസിക്കുകയും അവര്‍ക്കാവശ്യമായ ലൈസന്‍സ് നല്‍കുന്ന നടപടികള്‍ തുടങ്ങുകയും ചെയ്തു.

മഞ്ചേരി നഗരസഭ ചെയര്‍പേഴ്സണ്‍ വി.എം. സുബൈദ, മഞ്ചേരി നഗരസഭ വൈസ് ചെയര്‍മാന്‍ വി.പി. ഫിറോസ്, മുനിസിപ്പല്‍ എന്‍ജിനീയര്‍ പി. നന്ദകുമാര്‍, എം.എല്‍.എ.മാരായ എ.പി. അനില്‍കുമാര്‍, പി.കെ. ബഷീര്‍, പി. ഉബൈദുള്ള, നജീബ് കാന്തപുരം, സ്ഥിരം സമിതി ചെയര്‍മാന്‍മാരായ എന്‍.കെ. ഖൈറുന്നീസ, എല്‍.സി ടീച്ചര്‍, റഹീം പുതുക്കൊള്ളി, ആഷിക് മേച്ചേരി, സി. സക്കീന, മുന്‍ നഗരസഭ ചെയര്‍മാന്‍ വല്ലാഞ്ചിറ മുഹമ്മദലി, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് നിവില്‍ ഇബ്രാഹിം, മുനിസിപ്പല്‍ സെക്രട്ടറി വൈ.പി. മുഹമ്മദ് അഷ്റഫ്, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.

പരിപാടിയില്‍ മഞ്ചേരി നഗരസഭയിലെ റോഡുകള്‍ വീതി കൂട്ടാന്‍ സ്ഥലം നല്‍കിയ ഭൂവുടമകളെ ആദരിക്കുകയും നാട്ടുകാര്‍ക്കായി ഗാനമേള സംഘടിപ്പിക്കുകയും ചെയ്തു.