Fincat

ജോലി തട്ടിപ്പിനിരയായ അസം സ്വദേശിനിയ്ക്ക് സുരക്ഷാ കരമൊരുക്കി ‘സഖി’

വ്യാജ ജോലി വാഗ്ദാനത്തില്‍ കേരളത്തില്‍ എത്തി ഒറ്റപ്പെട്ടുപോയ അസം സ്വദേശിനിയ്ക്ക് അഭയമായി സഖി വണ്‍ സ്റ്റോപ്പ് സെന്റര്‍. കഴിഞ്ഞ മാസം 28നാണ് അസം സ്വദേശിനിയായ 48 കാരി ജോലി തേടി കേരളത്തില്‍ എത്തിയത്. എന്നാല്‍ തനിക്ക് വാഗ്ദാനം ചെയ്ത ജോലിയല്ല ലഭിച്ചതെന്ന് മനസ്സിലാക്കിയ ഇവര്‍ സംഘത്തിലുള്ളവരുമായി അഭിപ്രായ വ്യത്യാസത്തിലായി. പൊലീസ് ഇടപെട്ടാണ് അവരെ വാടകവീട്ടില്‍ നിന്നും പെരിന്തല്‍മണ്ണയിലെ സഖി വണ്‍ സ്റ്റോപ്പ് സെന്ററില്‍ എത്തിച്ചത്.

ഹിന്ദി വശമില്ലാത്തതിനാല്‍ സഖി അധികൃതര്‍ കൃത്യമായ വിവരങ്ങള്‍ ലഭിക്കാന്‍ ബുദ്ധിമുട്ടി. പിറ്റേന്ന് ബന്ധുക്കള്‍ ആണെന്ന് അവകാശപ്പെട്ട് കുറച്ചുപേര്‍ സെന്ററില്‍ എത്തിയെങ്കിലും രേഖകള്‍ പരിശോധിച്ച അധികൃതര്‍ക്ക് ബന്ധുക്കള്‍ അല്ലെന്ന് മനസ്സിലായി. മാത്രമല്ല, അവര്‍ക്ക് ഒപ്പം പോകാന്‍ അസം സ്വദേശിനി വിസമ്മതിക്കുകയും ചെയ്തു. പൊലീസ് സ്റ്റേഷനില്‍ പ്രശ്‌ന പരിഹാരത്തിനായി ചര്‍ച്ച നടത്തിയെങ്കിലും തുച്ഛമായ പണവും ഹിന്ദിപോലും അറിയാത്ത ഇവരെ തനിച്ചു നാട്ടിലേക്ക് വിടാന്‍ സഖി അധികൃതര്‍ ഒരുക്കമല്ലായിരുന്നു.

തുടര്‍ന്ന് അസമിലുള്ള ബന്ധുക്കളെ കണ്ടെത്താന്‍ പ്രവര്‍ത്തകര്‍ ശ്രമം ആരംഭിച്ചു. അങ്ങനെ അസം വനിതാ ഹെല്‍പ്പ് ലൈനില്‍ ബന്ധപ്പെട്ടപ്പോള്‍ ബോണ്‍ഗോഗോയി ജില്ലയിലെ വണ്‍ സ്റ്റോപ് സെന്ററില്‍ നിന്നും അവരുടെ മകനെ കണ്ടെത്തിയ വിവരം അറിഞ്ഞു. തുടര്‍ന്ന് മകന്‍ അടുത്ത ദിവസം തന്നെ കേരളത്തില്‍ എത്തുമെന്നും അറിയിച്ചു. ഒക്ടോബര്‍ ഒന്‍പതിന്് മകന്‍ എത്തി അമ്മയെ നാട്ടിലേയ്ക്ക് കൂട്ടിക്കൊണ്ട് പോയി. അങ്ങനെ ഒറ്റപ്പെട്ടു പോയ ഒരു സ്ത്രീ കൂടി സഖിയുടെ കരുതലില്‍ കുടുംബത്തിലേക്ക് തിരിച്ചെത്തി.