ഇന്ത്യയെയും പ്രധാനമന്ത്രി മോദിയെയും പുകഴ്ത്തി യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്
ദില്ലി: ഇന്ത്യയെ പേരെടുത്ത് പറഞ്ഞും പ്രധാനമന്ത്രി മോദിയെ പേര് പറയാതെ യും പ്രശംസിച്ച് യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. ഇന്ത്യ മഹത്തായ രാജ്യമെന്നും അതിനെ നയിക്കുന്നത് തൻ്റെ പ്രിയ സുഹൃത്താണ് എന്നും ട്രംപ് പറഞ്ഞു. ഗാസയിലെ ഇസ്രയേൽ – ഹമാസ് യുദ്ധം അവസാനിച്ച പ്രഖ്യാപനം നടത്തിക്കൊണ്ട് ലോകനേതാക്കൾക്കൊപ്പം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ പ്രശ്നങ്ങളില്ലാതെ മുന്നോട്ട് പോകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
വേദിയിലുണ്ടായിരുന്ന പാകിസ്ഥാൻ പ്രധാനമന്ത്രി ഷഹബാസ് ഷരീഫിനെ നോക്കിക്കൊണ്ടാണ് ട്രംപ് ഇക്കാര്യം പറഞ്ഞത്. ഇതിന് മുൻപ് പാകിസ്ഥാൻ പ്രധാനമന്ത്രിയെയും അവരുടെ സൈനിക തലവൻ ജനറൽ അസിം മുനീറിനെയും പ്രകീർത്തിച്ച ട്രംപ്, മാധ്യമപ്രവർത്തകരോട് സംസാരിക്കാൻ ഷഹബാസ് ഷരീഫിനോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഗാസയിൽ യുദ്ധം അവസാനിപ്പിച്ചതിൽ ട്രംപിൻ്റെ ഇടപെടലിനെ ശ്ലാഘിച്ച പാക് പ്രധാനമന്ത്രി, ട്രംപിനെ സമാധാന നോബേലിനായി ഒരിക്കൽ കൂടി ശുപാർശ ചെയ്യുമെന്ന് പറഞ്ഞു.
ഇന്ത്യയും പാകിസ്ഥാനും തമ്മിലുണ്ടായതടക്കം ലോകത്തെ എട്ട് യുദ്ധങ്ങൾ അന്ത്യത്തിലെത്തിച്ചുവെന്നാണ് ട്രംപ് സമാധാന നോബേലിനുള്ള അവകാശവാദമായി പറയുന്നത്. അതേസമയം പാകിസ്ഥാനുമായുള്ള സംഘർഷം അവസാനിച്ചത് പാകിസ്ഥാൻ അഭ്യർത്ഥിച്ചത് കൊണ്ടെന്നാണ് ഇന്ത്യ ആവർത്തിച്ച് പറയുന്നത്. ട്രംപിൻ്റെയും പാകിസ്ഥാൻ്റെയും വാദങ്ങൾ ഇന്ത്യ ശരിവച്ചിട്ടില്ല.